എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും താന്‍ ഇതുവരെ കൈകൊണ്ട് തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി. ഇക്കാര്യം ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും താന്‍ ഈ തൊഴിലിന് വന്നയാളല്ലെന്നും സുരേഷ്‌ഗോപി പറഞ്ഞു. ജയസാധ്യതയുള്ളവരെ സ്ഥാനാര്‍ത്ഥികള്‍ ആക്കണം. ജയിക്കുമെന്ന് ഉറപ്പുള്ളവരെ നിര്‍ത്തണമെന്നും സുരേഷ്‌ഗോപി കൂട്ടിച്ചേര്‍ത്തു.
ബിജെപി ആലപ്പുഴ ജില്ലാ ഓഫീസ് ഉദ്ഘാടന ശേഷം സംസാരിക്കുകയായിരുന്നു സുരേഷ്‌ഗോപി. ജയിക്കുമെന്ന് ഉറപ്പുളവരെ നിര്‍ത്തിയാല്‍ 60 ശതമാനം ശതമാനം സീറ്റ് നേടാം. അല്ലെങ്കില്‍ അധ്വാനം പാഴായി പോകും. ആ നിരാശ വളര്‍ച്ചയ്ക്കല്ല തളര്‍ച്ചക്കാണ് വളം വയ്ക്കുകയെന്നും തൃശൂര്‍ എംപി വ്യക്തമാക്കി.
താന്‍ ഇഷ്ടപ്പെടുന്ന നേതാക്കളുണ്ട് അവര്‍ക്ക് രാഷ്ട്രീയ പിന്‍ബലം നല്‍കാനാണ് രാഷ്ട്രീയത്തില്‍ വന്നത്. ഒരിക്കലും രാഷ്ട്രീയം ഉണ്ടാകില്ലെന്ന് കരുതിയ ആളാണ് താന്‍. ഗുജറാത്തില്‍ വച്ച് നരേന്ദ്ര മോദിയെ കണ്ടു കഴിഞ്ഞപ്പോഴും ഈ തീരുമാനത്തിന് മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ എന്റെ അന്നം മുട്ടിക്കുന്ന ചില രാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടായപ്പോളാണ് രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ടി വന്നതെന്നും എംപി പറഞ്ഞു.