നികുതി വെട്ടിപ്പ് നടത്തിയ കാറിലിരുന്ന് പരസ്യത്തില്‍ അഭിനയിച്ച സുരേഷ് ഗോപി എംപിക്കു എതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം

നികുതി വെട്ടിപ്പ് നടത്തിയ കാറിലിരുന്ന് ബോധവത്കരണ പരസ്യം അഭിനയിച്ച സുരേഷ് ഗോപി എംപിക്കു എതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം. സുരേഷ് ഗോപി നിയമലംഘനം നടത്തിയ ശേഷം തങ്ങളെ എന്തിനു ഉപദേശിക്കണമെന്നാണ് ആളുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചോദിക്കുന്നത്.

സര്‍ക്കാരാണ് പരസ്യ ചിത്രം നിര്‍മിച്ചത്. ജനങ്ങളെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ബോധവത്കരിക്കാനാണ് പരസ്യം എടുത്തത്. ഈ പരസ്യത്തില്‍ പോണ്ടിച്ചേരിയിലെ വ്യാജ വിലാസം ഉപയോഗിച്ച് നികുതി വെട്ടിച്ചതായി ആരോപണം നേരിടുന്ന വാഹനത്തിലാണ് സുരേഷ് ഗോപി അഭിനയിച്ചത്. ആഢംബര വാഹനമായ ഒഡിക്യൂ കാറാണ് പോണ്ടിച്ചേരിയിലെ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തത്.

സുരേഷ് ഗോപി നിയമലംഘനം നടത്തിയതായി 2010 ലാണ് കണ്ടെത്തിയത്. 80 ലക്ഷത്തോളം വിലയുള്ള വാഹനം വ്യാജ വിലാസത്തിലാണ് താരം രജിസ്റ്റര്‍ ചെയ്തത് എന്നും കണ്ടെത്തിയിരുന്നു. സുരേഷ് ഗോപി നല്‍കിയ വിലാസത്തില്‍ താമസിക്കുന്നവര്‍ക്ക്‌ അദ്ദേഹത്തെ അറിയുക പോലുമില്ല. ഈ വാഹനമാണ് താരം എംപി എന്ന നിലയില്‍ തന്റെ ഔദ്യോഗിക വാഹനമായി നിലവില്‍ ഉപയോഗിക്കുന്നത്.