'പിണറായിയും ചന്ദ്രശേഖരനും 'വെറും' രാഷ്ട്രീയക്കാര്‍ മാത്രമാണ്, ജനപ്രതിനിധികള്‍' എന്ന മുന്‍കൂര്‍ ജാമ്യം ഇവര്‍ക്കു കിട്ടും'

കേരളതീരത്ത് വന്‍ നാശം വിതച്ച ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കാത്ത സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കെതിരെ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ സുരേഷ് കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം എന്നിവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് സുരേഷ് കുമാറിന്റെ വിമര്‍ശം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

“ഇവരില്‍ പിണറായി വിജയനും ചന്ദ്രശേഖരനും “വെറും” രാഷ്ട്രീയക്കാര്‍ മാത്രമാണ്. “ജനപ്രതിനിധികള്‍” എന്ന മുന്‍കൂര്‍ ജാമ്യം ഇവര്‍ക്കു കിട്ടും. എന്റെ സഹപ്രവര്‍ത്തകരായിരുന്ന കുര്യനും ഏബ്രഹാമും ഏതു മാളത്തില്‍ പോയൊളിച്ചു ? ഇവന്മാരെയെങ്കിലും കഴുത്തിനു പിടിച്ചു കരണക്കുറ്റിക്കൊന്നു കൊടുക്കാന്‍ “പ്രബുദ്ധ” മലയാളികള്‍ക്ക് സാധിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥത്തില്‍ നാടിന്റെ “ദുരന്തം”.

ചുഴലിക്കാറ്റിനെകുറിച്ച് കേന്ദ്ര ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ട് അവഗണിച്ചതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ബുധനാഴ്ച തന്നെ ഹൈദരാബാദിലെ ദേശീയ സമുദ്രഗവേഷണ കേന്ദ്രവും, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊള്ളുന്ന ശക്തമായ ചുഴലിക്കാറ്റിനെക്കുറിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇത് മുഖവിലയ്ക്കെടുത്തില്ല.

മുഖ്യമന്ത്രിയും റവന്യു മന്ത്രിയും അടക്കമുള്ളവര്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഈ വിവരം അറിയുന്നത്. കേന്ദ്ര ഏജന്‍സികളുടെ മുന്നറിയിപ്പ് ലഭിച്ച ഉടന്‍ തന്നെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നാണ് വിലയിരുത്തല്‍.