മലയാള മനോരമ നല്‍കിയ വ്യാജവാര്‍ത്തക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ എംപിയും സിപിഎം നേതാവുമായ സുരേഷ് കുറുപ്പ്. സുരേഷ് കുറുപ്പ് തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിക്കുന്നു. ഇനി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ല. പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഔദ്യോഗിക കമ്മിറ്റികളില്‍ നിന്നും സ്വയം ഒഴിയുമെന്നാണ് ഇന്നത്തെ മനോരമ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതിനെതിരെയാണ് സുരേഷ് കുറുപ്പ് രംഗത്തെത്തിയിരിക്കുന്നത്.
ഞാന്‍ രാഷ്ട്രീയപ്രവര്‍ത്തനമവസാനിപ്പിക്കുന്നു എന്ന സൂചനകളോടെ വന്നിട്ടുള്ള വാര്‍ത്തയില്‍ പത്രലേഖകനോട് ഞാനായി പറഞ്ഞ ഒരു വാചകമേയുളളൂ , ‘ ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല ‘ എന്നതാണത് . വേണമെങ്കില്‍ ഒരാഴ്ച കഴിഞ്ഞ് സംസാരിക്കാം എന്നും പറഞ്ഞിരുന്നു. മറ്റുള്ളതൊന്നും ഞാന്‍ പറഞ്ഞതല്ല.
എന്നെയും ഞാന്‍ നിലകൊള്ളുന്ന രാഷ്ട്രീയ നിലപാടുകളേയും സ്‌നേഹിച്ച ജനങ്ങള്‍ക്കിടയില്‍ നിന്നും മാറി നില്‍ക്കുന്നതിനെക്കുറിച്ച് ഒരു നിമിഷം പോലും എനിക്ക് ചിന്തിക്കാനാവില്ല. അങ്ങനെ സംഭവിച്ചാല്‍ അത് ഞാന്‍ എന്നെത്തന്നെ മറക്കുന്നതിന് തുല്യമായിരിക്കും .എല്ലാവരുടേയും സ്‌നേഹത്തിനും കരുതലിനും നന്ദിയും അഭിവാദ്യങ്ങളുമെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇന്നത്തെ മലയാള മനോരമ ദിനപ്പത്രത്തില്‍ വന്ന ഒരു വാര്‍ത്തയുമായി ബന്ധപ്പെട്ട ഒരു വിശദീകരണമാണിതെന്നും അദേഹം ഫേസ്ബുക്കില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സുരേഷ് കുറിപ്പ് രാഷ്ട്രീയത്തോടു വിടപറയുമെന്നായിരുന്നു മനോരമയുടെ വാര്‍ത്ത. ലോക്‌സഭയിലും നിയമസഭയിലുമായി 26 വര്‍ഷം നീണ്ട രാഷ്ട്രീയ ജീവിതത്തിനു ശേഷമാണ് ഈ തീരുമാനം. ഏതു രാഷ്ട്രീയ പ്രതിസന്ധികളിലും സിപിഎമ്മിന് അവതരിപ്പിക്കാന്‍ കഴിയുന്ന വ്യക്തിത്വമായിരുന്നു സുരേഷ് കുറുപ്പിന്റേത്. ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടശേഷം 1984ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നു ജയിച്ച 3 ഇടതു സ്ഥാനാര്‍ഥികളില്‍ ഏക സിപിഎം പ്രതിനിധി എന്ന വിശേഷത്തോടെയായിരുന്നു കുറുപ്പിന്റെ അങ്കത്തുടക്കം.
ലോക്‌സഭയിലേക്ക് 7 തവണ മത്സരിച്ചു; 4 തവണ ജയിച്ചു. നിയമസഭയില്‍ ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തെ രണ്ടു തവണ പ്രതിനിധീകരിച്ചു. തുടരെ രണ്ടു തവണ മത്സരിച്ചവര്‍ക്കു സീറ്റ് നല്‍കേണ്ടെന്ന സിപിഎം തീരുമാനം മൂലം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അവസരം ലഭിച്ചില്ല. പകരം വി.എന്‍.വാസവന്‍ ജയിച്ച് മന്ത്രിയായി. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റായിട്ടുണ്ടെങ്കിലും ഡിവൈഎഫ്‌ഐയിലോ പാര്‍ട്ടി സംസ്ഥാന ഘടകത്തിലോ സുരേഷ് കുറുപ്പ് എത്തിയില്ല. ഇപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്.
പാര്‍ട്ടി പരിപാടികളില്‍ സജീവമല്ലാത്തതിന്റെ കാരണം അന്വേഷിക്കുന്നവരോടു വീടുപണിയുടെ തിരക്കിലാണെന്നാണു മറുപടി. തിരുനക്കര വടക്കേനടയില്‍ സായ് സേവാ കേന്ദ്രത്തിനു സമീപം വാടകവീട്ടിലാണു താമസം. തിരുനക്കരയിലെ കുറ്റിക്കാട്ട് തറവാടു വീട് അറ്റകുറ്റപ്പണിയിലാണ്. ജനുവരിയില്‍ അവിടേക്കു മാറും. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഏറ്റുമാനൂരിലോ കോട്ടയത്തോ പൊതുപരിപാടികളില്‍ കുറുപ്പിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല.
എംഎല്‍എയായിരുന്ന അവസരത്തിലാണ് പട്ടിത്താനം മണര്‍കാട് ബൈപാസ് ഉള്‍പ്പെടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു ഫണ്ട് അനുവദിച്ചത്.എന്നാല്‍ ബൈപാസ് ഉദ്ഘാടനത്തിനോ മറ്റു പദ്ധതികളുടെ നിര്‍മാണോദ്ഘാടനങ്ങള്‍ക്കോ അദ്ദേഹത്തെ ക്ഷണിച്ചില്ല. അദ്ദേഹം ഇക്കാര്യം പാര്‍ട്ടി വേദികളില്‍ സൂചിപ്പിച്ചിരുന്നുവെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു.