സുരേഷ്‌ഗോപിയെ ആംബുലന്‍സില്‍ എത്തിച്ചു; പൂരം കലക്കിയത് ബിജെപിയ്ക്ക് അക്കൗണ്ട് തുറക്കാന്‍; സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് വിഡി സതീശന്‍

തൃശൂര്‍ പൂര വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബിജെപിയെ സഹായിക്കാം ഇങ്ങോട്ട് ഉപദ്രവിക്കരുതെന്ന നിലപാടാണ് പിണറായിയുടേതെന്ന് സതീശന്‍ പറഞ്ഞു. എല്ലാവരുടെയും അറിവോടെയാണ് പൂരം കലക്കിയതെന്നും വിഡി സതീശന്‍ ആരോപിച്ചു.

എഡിജിപി എന്തിനാണ് ആര്‍എസ്എസ് നേതാക്കളെ കാണുന്നതെന്ന് ചോദിച്ച സതീശന്‍ അത് മുഖ്യമന്ത്രിയ്ക്ക് വേണ്ടിയാണെന്നും കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിക്കെതിരെ ഇത്രയും ആരോപണങ്ങള്‍ വന്നിട്ട് മറുപടി പറയാന്‍ ആകെയുണ്ടായത് മരുമോന്‍ മന്ത്രി മാത്രമാണ്. മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും സതീശന്‍ പറഞ്ഞു.

പിണറായി സര്‍ക്കാരിന്റേത് ഇരട്ടത്താപ്പാണ്. നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ ആരോപണങ്ങളില്‍ പകുതി മാത്രം അന്വേഷിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. പി ശശിയ്‌ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നില്ലെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി. തൃശൂര്‍ പൂരം കലക്കിയെന്ന ആരോപണത്തില്‍ ആരോപണവിധേയന്‍ തന്നെ അന്വേഷണം നടത്തുന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു.

Read more

തൃശൂര്‍ മണ്ഡലത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് അക്കൗണ്ട് തുറക്കാന്‍ വേണ്ടിയാണ് എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടതെന്ന് സതീശന്‍ ആരോപിച്ചു. പൊലീസ് പൂരനഗരിയില്‍ അഴിഞ്ഞാടിയിട്ടും ആഭ്യന്തര മന്ത്രി അറിഞ്ഞില്ലേയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. സുരേഷ്‌ഗോപിയെ പൊലീസ് ആംബുലന്‍സില്‍ എത്തിച്ചു. നേരത്തെ തയ്യാറാക്കിയ പ്ലാന്‍ പ്രകാരമാണ് പൂരം കലക്കിയതെന്നും സതീശന്‍ ആരോപിച്ചു.