കാട്ടാക്കടയില്‍ രക്ഷിതാവിനെ ആക്രമിച്ച കേസില്‍ പൊലീസിന് വീഴ്ചയില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. പ്രതികള്‍ പൊലീസീന്റെ കണ്ണില്‍നിന്ന് മറഞ്ഞുനില്‍ക്കാന്‍ വിദഗ്ധരാണെന്ന് മന്ത്രി പറഞ്ഞു. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം കിട്ടാതിരിക്കാന്‍ കെഎസ്ആര്‍ടിസി എല്ലാനടപടിയും എടുക്കും. അച്ചടക്കനടപടികള്‍ നിയമപരമായ നടപടിക്രമത്തിലൂടെ മാത്രമേ സാധ്യമാകൂ എന്നും മന്ത്രി പറഞ്ഞു.
അതേസമയം സംഭവം നടന്നിട്ട് ഒരാഴ്ച പിന്നിടുമ്പോഴഉം പ്രതികളെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. പ്രതികള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലാണെന്നാണ് പ്രത്യേക അന്വേഷണ സംഘം നല്‍കുന്ന വിശദീകരണം. മര്‍ദ്ദനം നടത്തി ആറ് നാള്‍ പിന്നിടുമ്പോഴും പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
സംഭവത്തില്‍ വിശദീകരണവുമായി സിഐടിയു രംഗത്തുവന്നു. ജീവനക്കാര്‍ അക്രമം കാണിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥിനിയുടെ പിതാവ് പ്രേമനാണ് പ്രശ്‌നമുണ്ടാക്കിയതെന്നും യൂണിയന്‍ സൗത്ത് മേഖലാ പ്രസിഡന്റ് എസ്എച്ച്എം ഷൂജ, സെക്രട്ടറി എസ് സുധീര്‍ എന്നിവര്‍ പുറത്തുവിട്ട കത്തില്‍ പറയുന്നു.
മര്‍ദ്ദനമേറ്റ പ്രേമനെ മുറിയില്‍ കയറ്റി ഇരുത്താനാണ് ജീവനക്കാര്‍ ശ്രമിച്ചത്. കെഎസ്ആര്‍ടിസി സിഎംഡിക്കും മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ജീവനക്കാരനെതിരെയും വിശദീകരണത്തില്‍ പരാമര്‍ശമുണ്ട്. കെഎസ്ആര്‍ടിസി വിജിലന്‍സിനും പൊലീസിനും സത്യം ബോധ്യപ്പെട്ടു എന്നും കത്തില്‍ പറയുന്നു.
സംഭവത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാരെ പിന്തുണച്ച് സിഐടിയു സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദനും രംഗത്തുവന്നിരുന്നു. രക്ഷിതാവിനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന് ആനത്തലവട്ടം പറഞ്ഞു. വിദ്യാര്‍ത്ഥിയുടെ പിതാവിനെ വിശ്രമമുറിയിലേക്ക് കൊണ്ടുപോയത് തെറ്റാണെന്നും സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ജീവനക്കാരന്റെ ട്രാന്‍സ്ഫറിന് സംഭവവുമായി ബന്ധമില്ലെന്നും ആനത്തലവട്ടം പ്രതികരിച്ചു.