ബലാത്സംഗ കേസില്‍ പ്രതിയായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തു. കെപിസിസി, ഡിസിസി അംഗത്വത്തില്‍ നിന്നും ആറ് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍.
എംഎല്‍എയുടെ വിശദീകരണം പൂര്‍ണ്ണമായും തൃപ്തികരമല്ലെന്ന് കെപിസിസി വിലയിരുത്തി. ജനപ്രതിനിധി എന്ന നിലയില്‍ പുലര്‍ത്തേണ്ടിയിരുന്ന ജാഗ്രതയുണ്ടായില്ലെന്നുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ആറുമാസം നിരീക്ഷണക്കാലയളവ് ആയിരിക്കുമെന്നും അതിന് ശേഷം തുടര്‍നടപടിയുണ്ടാകുമെന്നും കെപിസിസി അറിയിച്ചു. പാര്‍ട്ടി നടപടി അംഗീകരിക്കുന്നുവെന്ന് എല്‍ദോസ് പ്രതികരിച്ചു. ഉടന്‍ നിരപരാധിത്വം തെളിയിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
ഒളിവില്‍ പോയ എംഎല്‍എ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെയാണ് അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്. കര്‍ശനമായ 11 ഉപാധികളോടെയാണ് എല്‍ദോസിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
എല്‍ദോസ് കുന്നപ്പിള്ളി ഇന്നലെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായിരുന്നു. രാവിലെ ഹാജരായ എല്‍ദോസ് ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി. പാസ്‌പോര്‍ട്ട് കോടതിയിലും ഹാജരാക്കി. എംഎല്‍എക്കൊപ്പം പ്രൈവറ്റ് അസിസ്റ്റന്റിനെയും ഡ്രൈവറെയും ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിച്ച് അന്വേഷണ സംഘം ചോദ്യം ചെയ്തു.