കൊല്ലം ആര്യങ്കാവില്‍ മായം കലര്‍ത്തിയ പാല്‍ പിടികൂടിയ സംഭവത്തില്‍ പാല്‍ സൂക്ഷിച്ചിരുന്ന ടാങ്കര്‍ പൊട്ടി വിള്ളല്‍. ടാങ്കറിന്റെ ആദ്യത്തെ കമ്പാര്‍ട്ട്മെന്റാണ് പൊട്ടിത്തെറിച്ചത്. കമ്പാര്‍ട്ട്‌മെന്റില്‍ പ്രഷര്‍ നിറഞ്ഞതാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് സൂചന. വിള്ളല്‍ വീണ ഭാഗത്തൂടെ പാല്‍ പുറത്തേയ്ക്ക് ഒളുകുകയാണ്.
കഴിഞ്ഞ 6 ദിവസമായി 15300 ലിറ്റര്‍ പാലുമായി വന്ന ടാങ്കര്‍ലോറി തെന്മല സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ജനുവരി 11നാണ് തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പാല്‍ ടാങ്കര്‍ ലോറി ക്ഷീര വികസന വകുപ്പ് പിടികൂടിയത്.
അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നും മായം കലര്‍ത്തിയ പാല്‍ കേരളത്തിലേക്ക് കടത്തുന്നെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ക്ഷീരവികസന വകുപ്പ് പരിശോധന നടത്തിയത്.
ക്ഷീരവികസന വകുപ്പ് പിടികൂടിയ പാലില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് കണ്ടെത്താനായില്ല. പാലില്‍ കൊഴുപ്പിന്റെ കുറവ് മാത്രമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് കണ്ടെത്താനായത്.