പത്തനംതിട്ട കലഞ്ഞൂരിൽ ഭാര്യയെയും ആൺ സുഹൃത്തിനെയും ഭർത്താവ് വെട്ടിക്കൊന്നു. കലഞ്ഞൂർ സ്വദേശി ബൈജുവാണ് ഭാര്യ വൈഷ്ണവിയെയും വിഷ്ണുവിനെയും കൊലപ്പെടുത്തിയത്. ഭാര്യ വൈഷ്ണവിയും സുഹൃത്തു വിഷ്ണുവും തമ്മിൽ അവിഹിതബന്ധം ഉണ്ടെന്ന് സംശയിച്ചാണ് ബൈജു കൊലപാതകം നടത്തിയതെന്നാണ് എഫ്ഐആർ.
വീട്ടുവഴക്കിനെ തുടർന്ന് ഓടി വിഷ്ണുവിന്റെ വീട്ടിലെത്തിയ വൈഷ്ണവിയെ ബൈജു സിറ്റൗട്ടിൽ ഇട്ടു വെട്ടുകയായിരുന്നു. വിഷ്ണുവിനെയും വിളിച്ചിറക്കി വെട്ടി വീഴ്ത്തിയെന്നാണ് പൊലീസ് പറയുന്നു. ഇന്നലെ രാത്രി ഏറെ വൈകിയാണ് പത്തനംതിട്ട കലഞ്ഞൂരിൽ ഇരട്ട കൊലപാതകം നടന്നത്. വൈഷ്ണവി സംഭവ സ്ഥലത്തും വിഷ്ണു ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലുമാണ് മരിച്ചത്.
കൊലപാതകത്തിന് ഉപയോഗിച്ചത് കൊടുവാൾ ആണെന്നും പൊലീസ് പറയുന്നു. കലഞ്ഞൂർപാടത്താണ് നാടിനെ ഞെട്ടിച്ച കൊലപാതകമുണ്ടായത്. വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ വിഷ്ണുവിന്റെ വീട്ടിൽവെച്ചായിരുന്നു സംഭവം. സംഭവത്തിൽ വൈഷ്ണവിയുടെ ഭർത്താവ് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.