ഫോണ്‍ കോളുകളില്‍ സംശയം, ഭാര്യയ്ക്ക് നേരെ ആസിഡൊഴിച്ചു; പതിച്ചത് മകന്റെ ദേഹത്ത്, പ്രതി അറസ്റ്റില്‍

കാസര്‍ഗോഡ് മകന് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി പിടിയില്‍. പിവി സുരേന്ദ്രനാഥ് ആണ് കേസില്‍ അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ചിറ്റാരിക്കാല്‍ കമ്പല്ലൂരിലെ വീട്ടില്‍ വച്ചാണ് സംഭവം നടന്നത്. ഭാര്യയ്ക്ക് നേരെ സുരേന്ദ്രനാഥ് നടത്തിയ ആസിഡ് ആക്രമണത്തിലാണ് മകന് ഗുരുതരമായി പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ മകന്‍ പിവി സിദ്ധുനാഥിനെ പര്യാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിദ്ധുനാഥ് നിലവില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഭാര്യയെ ആക്രമിക്കാന്‍ പ്രതി ഐസ്‌ക്രീം ബോളില്‍ ആസിഡ് സൂക്ഷിച്ചിരുന്നു. നിരന്തരം മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്ന സുരേന്ദ്ര നാഥിന് ഭാര്യയെ സംശയമുണ്ടായിരുന്നതായി പൊലീസ് പറയുന്നു.

Read more

ഭാര്യയുടെ ഫോണ്‍ കോളുകളില്‍ സംശയം പ്രകടിപ്പിച്ചിരുന്ന പ്രതി സംഭവ ദിവസവും ഇതേ ചൊല്ലി വലിയ രീതിയില്‍ വഴക്കുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഐസ്‌ക്രീം ബോളില്‍ കരുതിയിരുന്ന ആസിഡ് ഭാര്യയ്ക്ക് നേരെ എറിഞ്ഞത്. എന്നാല്‍ സുരേന്ദ്രനാഥിന്റെ ആക്രമണത്തില്‍ നിന്ന് ഭാര്യ ഒഴിഞ്ഞുമാറിയതോടെ ബോള്‍ പതിച്ചത് മകന്റെ ദേഹത്തായിരുന്നു.