കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുള്ള രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാദിനം കരിദിനമായി ആചരിക്കുമെന്ന് എ.ബി.വി.പി. സംസ്ഥാന സെക്രട്ടറി എം.എം.ഷാജി അറിയിച്ചു. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ മാതൃകയാകേണ്ടവർ ജനങ്ങൾക്ക് വെല്ലുവിളിയുയർത്തി കോവിഡ് വ്യാപനത്തിനുള്ള സാഹചര്യം ഒരുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വൈകീട്ട് മൂന്നരക്ക് സെൻട്രൽ സ്റ്റേഡിയത്തിലെ വിശാലമായ പന്തലിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. കർശന കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെ ഹ്രസ്വമായി സംഘടിപ്പിക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞക്ക് ശേഷം മന്ത്രിമാർ സെക്രട്ടേറിയറ്റിലെത്തി ആദ്യ മന്ത്രിസഭായോഗത്തിൽ പങ്കെടുക്കും.വമ്പൻ ആഘോഷത്താേടെയും വൻ ജനസാന്നിധ്യത്തിലും പുതിയ സർക്കാറുകൾ അധികാരമേറുന്നതാണ് പതിവെങ്കിലും കോവിഡ് വ്യാപനത്തിനിടയിൽ ഇക്കുറി അതൊന്നുമില്ല.
500 പേർക്കായി പ്രവേശനം പരിമിതപ്പെടുത്തിയ പൊതുഭരണവകുപ്പ് ക്ഷണക്കത്തുകളും കൈമാറി. പൊതുജനങ്ങൾക്ക് പ്രവേശനമില്ല. പങ്കെടുക്കുന്നവർക്ക് കോവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കോവിഡ് സാഹചര്യത്തിൽ പ്രതിപക്ഷം പെങ്കടുക്കില്ലെന്ന് പ്രഖ്യാപിച്ചു. നിശ്ചയിച്ച 500നെക്കാൾ പങ്കെടുക്കുന്നവരുടെ എണ്ണം കുറയാനാണ് സാധ്യത.