ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സഹതാപമാണ് പുതുപ്പള്ളിയിൽ യുഡിഎഫ് വിജയത്തിനടിസ്ഥാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. യുഡിഎഫ് വിജയം അംഗീകരിക്കുന്നുവെന്ന് പറഞ്ഞ എംവി ഗോവിന്ദന്‍ ഇടതുപക്ഷ മുന്നണിയുടെ അടിത്തറയില്‍ മാറ്റം സംഭവിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ചാണ്ടിയുടെ മരണാനന്തര ചടങ്ങ് പോലും മത്സരത്തിനിടെയാണ് നടന്നത്. സഹതാപ തരംഗത്തിനിടയിലും ഇടതുപക്ഷ മുന്നണിയുടെ അടിത്തറ നിലനിര്‍ത്താനായി. തെരഞ്ഞെടുപ്പ് തോല്‍വി വിശദമായി പരിശോധിക്കും. ബിജെപി വോട്ട് യുഡിഎഫിന് അനുകൂലമായി. സഹതാപ തരംഗത്തിന് സാധ്യതയുള്ള മണ്ഡലം എന്ന് നേരത്തെ അറിയാമായിരുന്നു. അതുകൊണ്ടാണ് കൂടുതല്‍ അവകാശവാദത്തിന് തയ്യാറാകാതിരുന്നത് എന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിനെതിരായ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് വ്യക്തിപരമായ പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഉണ്ടാകരുതെന്ന് സിപിഐഎം നിലപാട് എടുത്തിരുന്നു. പാര്‍ട്ടി അങ്ങനെ ചെയ്തിട്ടുമില്ല. ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നാണ് തെരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ഭരണവിരുദ്ധ വികാരം ഉണ്ടായോ എന്ന് സിപിഐഎം പരിശോധിക്കുമെന്നും തോല്‍വിയുടെ കാരണങ്ങള്‍ വിലയിരുത്തുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.