അടിയുറച്ച ദൈവാശ്രയബോധത്തോടെ ഒന്നിച്ചു നീങ്ങാനുള്ള വിളിയാണ് പുതിയ നിയോഗം തന്നെ ഓര്‍മ്മിപ്പിക്കുന്നതെന്നു മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്. ഒത്തിരിയേറെപേരുടെ പ്രാര്‍ത്ഥനയുടെയും ത്യാഗങ്ങളുടെയും ഫലമായാണ് സഭയുടെ പിതാവും തലവനായി ദൈവം തന്നെ ഉയര്‍ത്തിയതെന്ന് അദ്ദേഹം അനുസ്മരിച്ചു.
ദൈവഹിതപ്രകാരം തന്നെ മേജര്‍ ആര്‍ച്ച്ബിഷപ്പായി തെരഞ്ഞെടുത്ത സിനഡ് പിതാക്കന്മാര്‍ക്കും സ്ഥാനാരോഹണച്ചടങ്ങുകള്‍ക്ക് ക്രമീകരണങ്ങളൊരുക്കിയ കൂരിയാ അംഗങ്ങള്‍ക്കും തിരുകര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്ന വിശ്വാസിസമൂഹത്തിനും മാര്‍ റാഫേല്‍ തട്ടില്‍ കൃതജ്ഞതയറിയിച്ചു. തന്റെ മുന്‍ഗാമിയായിരുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിനെയും അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ നേതൃശുശ്രൂഷയെയും സഭ ഒരിക്കലും മറക്കില്ലെന്ന് മറുപടിപ്രസംഗത്തില്‍ തട്ടില്‍ പിതാവ് കൂട്ടിച്ചേര്‍ത്തു.
ദൈവാലയത്തില്‍നിന്ന് ആരംഭിച്ച പ്രദിക്ഷണത്തോടെയാണ് സ്ഥാനാരോഹണച്ചടങ്ങുകള്‍ക്ക് തുടക്കമായത്. സഭാ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പിനെയും സിനഡ് പിതാക്കന്മാരെയും പ്രതിനിധികളായെത്തിച്ചേര്‍ന്ന എല്ലാവരെയും സ്വാഗതം ചെയ്തു. സഭാ സിനഡ് തെരഞ്ഞെടുത്ത മാര്‍ റാഫേല്‍ തട്ടില്‍ പിതാവിനെ മേജര്‍ ആര്‍ച്ച്ബിഷപ്പായി സ്ഥിരീകരിച്ചുകൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കത്ത് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ചാന്‍സലര്‍ ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍ വായിച്ചു.
സ്ഥാനാരോഹണതിരുകര്‍മ്മങ്ങള്‍ക്ക് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ കാര്‍മികത്വം വഹിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ സ്ഥാനചിഹ്നങ്ങളായ അംശവടിയും മുടിയും സ്വീകരിച്ച് ഔദ്യോഗിക പീഠത്തില്‍ ഇരുന്നതോടെ മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് സീറോമലബാര്‍സഭയുടെ നാലാമത് മേജര്‍ ആര്‍ച്ച്ബിഷപ്പായി സ്ഥാനാരോഹണം ചെയ്തു.
Read more
തുടര്‍ന്ന് പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് ദൈവാനുഗ്രഹങ്ങള്‍ക്ക് നന്ദി പറഞ്ഞു. ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.