ചങ്ങനാശേരി അതിരൂപതയുടെ അഞ്ചാമത്തെ ആര്‍ച്ചുബിഷപ്പായി നിയമിതനായ മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഇന്നു നടക്കും. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ ദൈവാലയത്തിലാണ് ചടങ്ങുകള്‍ നടക്കുക. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മികരായിരിക്കും. തുടര്‍ന്ന് മാര്‍ തോമസ് തറയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. തിരുവനന്തപുരം അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ. നെറ്റോ വചനസന്ദേശം നല്‍കും. വിശുദ്ധ കുര്‍ബാനക്കുശേഷം ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ് ഡോ. ലെയോ പോള്‍ദോ ജിറെല്ലി സന്ദേശം നല്‍കും.
11.45 ന് നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. സ്ഥാനമൊഴിയുന്ന ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് നന്ദിയും പുതിയ ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയിലിന് ആശംസകളും നേരും.
ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് കോച്ചേരിയും നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടും ചെര്‍ന്ന് ദീപം തെളിക്കും. അതിരൂപതാ വികാരി ജനറല്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍ സ്വാഗതം ആശംസിക്കും.