എറണാകുളം – അങ്കമാലി അതിരൂപത ആസ്ഥാനത്ത് വിമതന്‍മാര്‍ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചത് മുന്നോട്ട് വെച്ച ഒരു ആവശ്യം പോലും നേടിയെടുക്കാതെ. മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി വൈദികരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണു പ്രതിഷേധം നിര്‍ത്തിയിരിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ മുഴുവന്‍ കാനോനിക സമിതികളും കൂരിയയും പുനഃസംഘടിപ്പിക്കണമെന്ന് വൈദികര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇതിന് ആര്‍ച്ച് ബിഷപ്പാണ് മറുപടി പറയേണ്ടതെന്ന് പറഞ്ഞ് ഒഴിയുകയാണ് പാംപ്ലാനി ചെയ്തത്.
വൈദികര്‍ക്ക് എതിരേയുള്ള തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കണം, ആര്‍ച്ച് ബിഷപ് ഹൗസിനുള്ളില്‍നിന്ന് പോലീസിനെ പൂര്‍ണമായും ഒഴിവാക്കണം എന്നീ ആവശ്യങ്ങളും ചര്‍ച്ചയില്‍ വൈദികര്‍ ഉന്നയിച്ചു. ഇക്കാര്യങ്ങളില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്ന് മാര്‍ പാംപ്ലാനി വൈദികരെ അറിയിച്ചു. വിമതരുടെ എല്ലാ ആവശ്യങ്ങളും മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ അന്തിമ തീരുമാനത്തിനനുസരിച്ചായിരിക്കുമെന്നും അദേഹം പറഞ്ഞു.
പ്രതിഷേധിച്ച വൈദികര്‍ക്ക് പുറമേ ഫാ. കുര്യാക്കോസ് മുണ്ടാടന്‍, ഫാ. രാജന്‍ പുന്നയ്ക്കല്‍, ഫാ. സണ്ണി കളപ്പുരയ്ക്കല്‍, ഷൈജു ആന്റണി, പി.പി. ജെറാര്‍ദ്, ബിനു ജോണ്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു. കൂരിയയില്‍നിന്ന് ഫാ. ജേക്കബ് പാലയ്ക്കാപ്പള്ളിയും ചര്‍ച്ചകളില്‍ ഭാഗമായി. അതിരൂപതയിലെ കാനോനിക സമിതികളും കൂരിയയും പുനഃസംഘടിപ്പിക്കണമെന്ന് ബിഷപ്പ് ഹൗസിന് മുന്‍പില്‍ പ്രതിഷേധിച്ച വൈദികര്‍ ആവശ്യപ്പെട്ടു.
അതോടൊപ്പം ബിഷപ്പ് ഹൗസില്‍ എല്ലാവര്‍ക്കും പ്രവേശിക്കാന്‍ സൗകര്യമൊരുക്കണം. വൈദികര്‍ക്ക് മേലുള്ള എല്ലാ ശിക്ഷാ നടപടികളും നിര്‍ത്തിവയ്ക്കണമെന്നും ആര്‍ച്ച് ബിഷപ്പിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുമെന്ന് മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി. തുടര്‍ചര്‍ച്ച 20 മുതല്‍ നടക്കും. അതിനുള്ളില്‍ ബിഷപ്പ് ഹൗസിനുള്ളില്‍നിന്ന് പോലീസിനെ ഒഴിവാക്കി എല്ലാവര്‍ക്കും കടന്നുവരാന്‍ കഴിയുംവിധം സജ്ജമാക്കും.