അദാനി നടത്തിയത് നാണംകെട്ട ഓഹരി തിരിമറികള്‍; കേന്ദ്ര സര്‍ക്കാരിന് ഊരിപ്പോകാന്‍ കഴിയില്ല; 'ഭൂലോക തട്ടിപ്പുകള്‍' അക്കമിട്ട് നിരത്തി തോമസ് ഐസക്

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് കമ്പോളത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ കോളിളക്കം സൃഷ്ടിച്ചിട്ടും ഓഹരി ഇടപാടുകള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന സെബി ഒരക്ഷരം മിണ്ടിയിട്ടില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക്. ഇന്ത്യാ സര്‍ക്കാരിനും മിണ്ടാട്ടമില്ല. ഇങ്ങനെ ഊരിപ്പോകാന്‍ ഇവര്‍ക്കാര്‍ക്കും കഴിയില്ല. അത്രയ്ക്കു ഗൗരവമായ തട്ടിപ്പാണ് നടന്നിട്ടുള്ളത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ വാക്കുകളില്‍ ”ദശാബ്ദങ്ങളായി തുടര്‍ന്നുവരുന്ന നാണംകെട്ട ഓഹരി തിരിമറികളും കണക്കെഴുത്തിലും തട്ടിപ്പുകളും” എന്തെല്ലാമായിരുന്നു?.

ഒന്ന്, അദാനിയുടെ കണക്കുകള്‍ മുഖവിലയ്‌ക്കെടുത്താല്‍പോലും ഓഹരി വിലകള്‍ 85 ശതമാനമെങ്കിലും അനര്‍ഹമായി ഉയര്‍ന്നതായിരുന്നു. അദാനിയുടെ ഓരോ കമ്പനിയുടെയും വ്യവസായമേഖലയിലെ സമാന കമ്പനികളുടെ ആദായം, വിറ്റുവരുമാനം, നികുതിക്കും തേയ്മാന ചെലവിനും പലിശയ്ക്കും മുമ്പുള്ള ലാഭത്തിന്റെയും കണക്കുകള്‍ പരിശോധിച്ചാണ് ഈ നിഗമനത്തില്‍ എത്തുന്നത്.

രണ്ട്, സെബിയുടെ നിയമ പ്രകാരം ലിസ്റ്റഡ് കമ്പനികളുടെ മിനിമം 25 ശതമാനം കമ്പോളത്തില്‍ ഇറക്കണം. ഇതാവട്ടെ പ്രൊമോട്ടര്‍മാര്‍ വാങ്ങാനും പാടില്ല. എന്നാല്‍ മൗറീഷ്യസ്, കെയ്മാന്‍ ദ്വീപുകളില്‍ അദാനി കമ്പനി രജിസ്റ്റര്‍ ചെയ്ത കറക്ക് കമ്പനികള്‍ വഴി ഈ ഓഹരികളില്‍ സിംഹപങ്കും അദാനി ഗ്രൂപ്പ് തന്നെ കൈക്കലാക്കി. കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ അദാനിയുടെ ഈ ബിനാമി കമ്പനികളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ വരികയും പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്. അദാനിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ബിനാമി കമ്പനികളെക്കുറിച്ചുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.

മൂന്ന്, അദാനി കുടുംബ ബന്ധുക്കളാണ് ഗ്രൂപ്പിന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്. പല ഘട്ടങ്ങളിലായി ഇവരെക്കുറിച്ച് അഴിമതി, പണംവെളുപ്പിക്കല്‍, നികുതിവെട്ടിക്കല്‍ എന്നിവയുടെ ഏതാണ്ട് 136000 കോടി രൂപയുടെ ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്വേഷണങ്ങള്‍ എങ്ങുമെത്താതെ പോവുകയാണുണ്ടായത്. അനുജന്‍ രാജേഷ് അദാനി 2004-2006 കാലത്ത് വൈരക്കല്ല് വ്യാപാരത്തിന്റെ തട്ടിപ്പിന് ഡിആര്‍ഐയുടെ അന്വേഷണവിധേയമായി. രണ്ട് പ്രാവശ്യം അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അളിയന്‍ സമീര്‍ വോറ ഇതുപോലെ മറ്റൊരു വൈരക്കല്ല് വ്യാപാര കുംഭകോണത്തില്‍ പ്രതിയായിരുന്നു. മൂത്ത ജ്യേഷ്ഠന്‍ വിനോദ് ഇതുപോലുള്ള മറ്റു തട്ടിപ്പുകേസുകളില്‍ പ്രതിയായിരുന്നു. യഥാര്‍ത്ഥത്തില്‍ വൈരക്കല്ല് വ്യാപാരത്തിലെ തട്ടിപ്പുകളാണ് അദാനി കുടുംബത്തിന്റെ ആദിമമൂലധന സഞ്ചയം.

നാല്, കര്‍ണ്ണാടകത്തിലെ ഇരുമ്പയിര് ഘനന-കയറ്റുമതി കുംഭകോണത്തിലും അദാനി കമ്പനികള്‍ക്ക് പങ്കുണ്ടായിരുന്നു. കേസില്‍ നിന്നു രക്ഷപ്പെടാന്‍ കൈക്കൂലി നല്‍കിയ കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇരുമ്പയിര് ഘനന കുംഭകോണ അന്വേഷണം എങ്ങുമെത്തിയില്ല.

അഞ്ച്, മോദി കാലഘട്ടത്തിലെ ആദ്യത്തെ കേസ് കള്ളപ്പണം വെളുപ്പിക്കുന്നതിനുവേണ്ടി 40000 കോടി രൂപയുടെ പവര്‍ എക്യുപ്‌മെന്റ്‌സിന്റെ ബില്ല് പെരുപ്പിച്ചു കാട്ടിയതാണ്. ഈ കള്ളപ്പണ റൂട്ടിന്റെ വിശദാംശങ്ങള്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ നല്‍കുന്നുണ്ട്. അന്വേഷണം വഴിമുട്ടി പോവുകയായിരുന്നു.

ആറ്, സമീപകാലത്തെ ഏറ്റവും വലിയ കുംഭകോണം കല്‍ക്കരിയുമായി ബന്ധപ്പെട്ടതാണ്. ഇന്തോനേഷ്യയില്‍ നിന്ന് 29000 കോടിയുടെ കല്‍ക്കരി ഇറക്കുമതി ഓവര്‍ ഇന്‍വോയ്‌സ് ചെയ്തതാണ് ഇതില്‍ ആദ്യത്തേത്. എന്നു മാത്രമല്ല, ഇന്ത്യയിലെ കല്‍ക്കരി പ്രതിസന്ധി അദാനിക്കുവേണ്ടി മനപൂര്‍വ്വം സൃഷ്ടിക്കപ്പെട്ടതാണെന്ന ആരോപണമുണ്ട്. ഇറക്കുമതി മുഖ്യമായും അദാനി വഴിയായിരുന്നു. അതിഭീമമായ ലാഭമാണ് ഇതുവഴി ഉണ്ടായത്. ഇതിനെല്ലാം ഉപയോഗപ്പെടുത്തുന്നത് വിദേശത്തെ ബിനാമി കമ്പനികളാണ്. വിനോദ് അദാനിക്ക് മൗറീഷ്യസില്‍ മാത്രം 38 കമ്പനികള്‍ ഉണ്ടത്രേ.

ഏഴ്, ഇതിലെല്ലാം ഉപരി മുന്‍കാല ഓഹരി തട്ടിപ്പുകാരായ ചേതന്‍ പരേക്കിനെപോലുള്ളവരുമായുള്ള ബന്ധങ്ങളും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. ഇവര്‍ വഴിയുള്ള പണമിടപാട് റൂട്ടുകളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

എട്ട്, അദാനി കമ്പനികളുടെ ലിക്വിഡ് ആസ്തികള്‍ ഹ്രസ്വകാല ബാധ്യതയേക്കാള്‍ വളരെ താഴ്ന്നതാണ്. എപ്പോള്‍ വേണമെങ്കിലും ഒരു ലിക്വിഡിറ്റി കുഴപ്പമുണ്ടാകാം. പ്രൊമോട്ടര്‍മാരുടെ ഓഹരികളില്‍ ഒരു ഭാഗം പണയംവച്ച് വായ്പയെടുത്തിട്ടുണ്ട്. ഓഹരിവില ഇപ്പോഴത്തെപ്പോലെ ഇടിയുമ്പോള്‍ ഇത് വായ്പ നല്‍കിയവരെ പ്രതിസന്ധിയിലാക്കും. സാധാരണഗതിയിലുള്ള സാമ്പത്തിക പരിധികള്‍ക്കപ്പുറം കടബാധ്യത അദാനി ഗ്രൂപ്പിനുണ്ട്. ഇതു പരിഗണിക്കാതെയാണ് പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങള്‍ ഇവര്‍ക്കു വായ്പ നല്‍കിയത്.
ഇതൊക്കെ സവിസ്തരം പ്രതിപാദിച്ചശേഷം 88 ചോദ്യങ്ങള്‍ ഈ റിപ്പോര്‍ട്ട് ഉയര്‍ത്തുന്നുണ്ട്. അതിനൊന്നും മറുപടി പറയാതെ ചില തട്ടുപൊളിപ്പന്‍ നിഷേധം മാത്രമാണ് അദാനി കമ്പനികളില്‍ നിന്നുണ്ടായിട്ടുള്ളത്. തങ്ങള്‍ പറഞ്ഞവ തെറ്റാണെങ്കില്‍ കേസ് കൊടുക്കാന്‍ തയ്യാറാകണമെന്ന് ഹിന്‍ഡന്‍ബര്‍ഗന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാവരും അദാനിയുടെ മറുപടിക്കുവേണ്ടി കാത്തിരിക്കുകയാണ് ടി എം തോമസ് ഐസക് പറഞ്ഞു.

Latest Stories

ഉഗാണ്ടയിൽ പടർന്ന് പിടിച്ച് 'ഡിങ്ക ഡിങ്ക രോഗം; ശരീരം വിറച്ച് നൃത്തം ചെയ്യുന്ന അവസ്ഥ, ഉറവിടം കണ്ടെത്താനാകാത്തത് ആശങ്ക

ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ ചിത്രം ഓൺലൈനിൽ; പൈറസിക്കെതിരെയുള്ള പോരാട്ടത്തിൽ 'സൂക്ഷമദർശിനി' ടീം

'ഗർഭിണിയായ ഭാര്യയെ കൊന്ന് ആസിഡിലിട്ട് നശിപ്പിക്കാൻ ശ്രമം, നിർണായകമായത് സെർച്ച് ഹിസ്റ്ററി'; 20കാരന് തടവ് ശിക്ഷ വിധിച്ച് കോടതി

അവനാണ് എന്റെ പുതിയ ആയുധം, ചെക്കൻ ചുമ്മാ തീയാണ്: രോഹിത് ശർമ്മ

അമിത് ഷായുടെ വിവാദ അംബേദ്കർ പരാമർശം; പ്രിയങ്കയുടേയും രാഹുലിന്റേയും നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്

ഉച്ചഭക്ഷണം വരെ ഒഴിവാക്കി ക്യൂവിൽ; തിയേറ്ററുകളിൽ റിലീസ് ചെയ്ത ഒരു ചിത്രത്തിന് ഐഎഫ്എഫ്‌കെയിൽ എന്തിനാണ് ഇത്ര തിരക്ക്?

BGT 2024: ഹമ്പട പുളുസു, എന്നെ കൊല്ലിക്കാൻ നീയൊക്കെ കൂടി നമ്പർ ഇറക്കുവാണല്ലേ; മാധ്യമങ്ങളെയും ആരാധകരെയും ഒരേ പോലെ ചിരിപ്പിച്ച് രോഹിത് ശർമ്മ

അമ്മയുടെ മൃദദേഹം വീട്ടുമുറ്റത്ത് കുഴിച്ച് മൂടി മകൻ; പോസ്റ്റുമോർട്ടം ചെയ്യണമെന്ന് പൊലീസ്, സംഭവം കൊച്ചിയിൽ

ഒരാൾ ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിക്കണോ? 2025-ൽ പ്രവേശിക്കുന്നതിന് മുമ്പ് പൊളിച്ചെഴുതേണ്ട 10 മിത്തുകൾ

രോഹിത്തിന്റെ അഭാവം വിനയായി, അശ്വിൻ വിരമിക്കാൻ കാരണം അദ്ദേഹത്തിന്റെ ഇടപെടൽ; റിപ്പോർട്ടുകൾ ഇങ്ങനെ