സംഘികള്‍ അതു ചെയ്യട്ടെ..., അതിനോടൊപ്പം യുഡിഎഫ് ചേരേണ്ടതുണ്ടോ?; പ്രതിപക്ഷ നേതാവിനോട് ചോദ്യവുമായി തോമസ് ഐസക്ക്

വയനാട്ടിലെ രക്ഷാപ്രവര്‍ത്തന ചെലവുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ യു.ഡി.എഫ് ഏറ്റുപിടിക്കുകയാണെന്ന് സിപിഎം നേതാവ് ടിഎം തോമസ് ഐസക്ക്.ടി.എം. തോമസ് ഐസക്. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലെ നാശനഷ്ടവും രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച പ്രതീക്ഷിത ചെലവിനെ ചൊല്ലിയുള്ള വിവാദത്തിലാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്.ം. ദുരന്തനിവാരണനിധി മാനദണ്ഡ പ്രകാരം വീട് നിര്‍മ്മാണത്തിന് 1.2 ലക്ഷം രൂപയേ അനുവദിക്കുന്നുള്ളൂ. കേരളമാകട്ടെ 15 ലക്ഷം രൂപയുടെ വീട് നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.

വയനാട് ദുരന്തംമൂലം ഉണ്ടായ നഷ്ടത്തിന്റെ കണക്ക് അധികപ്പറ്റാണെന്ന് ആക്ഷേപിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ 2012-ല്‍ കേരളത്തില്‍ വരള്‍ച്ച ഉണ്ടായപ്പോള്‍ ഏത് മാനദണ്ഡ പ്രകാരമാണ് യുഡിഎഫ് സര്‍ക്കാര്‍ 19,000 കോടി രൂപയുടെ നഷ്ടം കണക്കാക്കിയതെന്ന് വിശദീകരിക്കാമോ? 2012 മുതല്‍ കേരളം ദുരന്തനിവാരണനിധിയില്‍ നിന്ന് അധിക സഹായം തേടിയ നിവേദനങ്ങള്‍ ദുരന്തനിവാരണ അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അങ്ങേയ്ക്കു തന്നെ അവ പരിശോധിക്കാം.

ഇന്നലെ ചാനലുകളും സോഷ്യല്‍മീഡിയയിലെ യുഡിഎഫ്-ബിജെപി ഹാന്റിലുകളും കേരളത്തിന്റെ തട്ടിപ്പ് കണക്കിനെക്കുറിച്ച് അര്‍മാദിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് അതില്‍ പങ്കുചേരാതിരുന്നപ്പോള്‍ എനിക്ക് ഒരു തെറ്റിദ്ധാരണ ഉണ്ടായി. എല്‍ഡിഎഫിന് തുടര്‍ഭരണം കിട്ടിയതു മുതല്‍ യുഡിഎഫ് സ്വീകരിച്ച നിഷേധാത്മക രാഷ്ട്രീയത്തില്‍ നിന്ന് ഒരു ചുവടുമാറ്റമാണോ? അങ്ങനെയൊരു മനംമാറ്റവും തനിക്ക് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ഇന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
”കേന്ദ്ര ഗവണ്‍മെന്റിന് ഇങ്ങനെയാണോ മെമ്മോറാണ്ടം സമര്‍പ്പിക്കേണ്ടത്? എസ്ഡിആര്‍എഫ് നോംസ് അനുസരിച്ചിട്ടാണ് കേന്ദ്ര ഗവണ്‍മെന്റിന് ഇത് സമര്‍പ്പിക്കേണ്ടത്. എസ്ഡിആര്‍എഫ് നോംസുമായി ബന്ധപ്പെട്ട് യാതൊരുബന്ധവും ഇതിലെ പല കാര്യങ്ങള്‍ക്കും ഇല്ല. മാത്രമല്ല, ഇതൊരു സാമാന്യ യുക്തിക്ക് നിരക്കാത്ത കണക്കുകളാണ് വച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റിലെ ഒരു സാമാന്യബുദ്ധിയുള്ള ഒരു ക്ലര്‍ക്കുപോലും ഇത് തയ്യാറാക്കുമെന്ന് ഞാന്‍ കരുതുന്നില്ല.”
പ്രതിപക്ഷ നേതാവ് അറിയാന്‍ – എല്‍ഡിഎഫ് ഭരിക്കുമ്പോഴും യുഡിഎഫ് ഭരിച്ചപ്പോഴും പ്രകൃതിദുരന്ത കണക്കുകള്‍ കൂട്ടുന്നതിന് ഒരേ സമ്പ്രദായമാണ് അനുവര്‍ത്തിക്കുന്നത്. എസ്ഡിആര്‍എഫ് മാനദണ്ഡ പ്രകാരം അനുവദനീയമായ പ്രതീക്ഷിത ചെലവ് എത്രയെന്ന് ഇനം തിരിച്ചുപറയും. അതുപ്രകാരം 10 ഇനങ്ങള്‍ക്കുള്ള മൊത്തം ചെലവ് 214 കോടി രൂപയാണ്. എന്നാല്‍ സംസ്ഥാനത്തിനുണ്ടാകുന്ന പ്രതീക്ഷിത നഷ്ടമാകട്ടെ 524 കോടി രൂപയാണ്. ഇത് രണ്ടും തമ്മിലുള്ള വ്യത്യാസത്തിനു മുഖ്യകാരണം ദുരന്തനിവാരണനിധി മാനദണ്ഡ പ്രകാരം വീട് നിര്‍മ്മാണത്തിന് 1.2 ലക്ഷം രൂപയേ അനുവദിക്കുന്നുള്ളൂ. കേരളമാകട്ടെ 15 ലക്ഷം രൂപയുടെ വീട് നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ ഇനം മാറ്റിയാല്‍ രണ്ട് മതിപ്പുകണക്കും തമ്മിലുള്ള വ്യത്യാസം 90 കോടി രൂപയായി കുറയും.

പിന്നെയുള്ള നഷ്ടം ദുരന്തനിവാരണ മാനദണ്ഡ പ്രകാരമല്ല. ആക്ച്വലായി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന നഷ്ടമാണ്. 47 കോടി രൂപ ആപതമിത്ര-സിവില്‍ ഡിഫന്‍സ് സന്നദ്ധപ്രവര്‍ത്തകര്‍ക്കും പൊലീസ്, സേന വിഭാഗങ്ങള്‍ക്കും പ്രതീക്ഷിക്കുന്ന ചെലവാണ്. സാധാരണ സന്നദ്ധപ്രവര്‍ത്തകര്‍ക്കും ചെലവ് വന്നിട്ടുണ്ടെങ്കില്‍ അതും ഇതില്‍ ഉള്‍പ്പെടും. 21 കോടി രൂപ യന്ത്രങ്ങള്‍ക്കുള്ള വാടക ചെലവാണ്. 34 കോടി രൂപ ദുരിതാശ്വാസ ക്യാമ്പുകളുടെ മൊത്തം പ്രതീക്ഷിത ചെലവാണ്. ഇതൊക്കെ ഊതിപ്പെരുപ്പിച്ച കണക്കുകളാണെന്ന് ചിന്തിക്കുന്ന ശുദ്ധാത്മാക്കളോടു പറയട്ടെ – 2018-ല്‍ 30,000-ത്തില്‍പ്പരം കോടിയുടെ ആയിരുന്നു നഷ്ടം. 6000 കോടിയുടെ ധനസഹായമാണ് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചത്. 2914 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഇതില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ വ്യോമസേനയുടെ ചെലവും അരിയുടെ വിലയും മറ്റും തട്ടിക്കിഴിച്ചു!

Read more

ബിജെപി നേതാവ് കെ. സുരേന്ദ്രനും ഏഷ്യാനെറ്റ് അവതാരകരും പറയുന്നതുപോലെ ഇത്രയും തുക സര്‍ക്കാര്‍ എഴുതി എടുത്തുവെന്ന് പ്രതിപക്ഷ നേതാവ് പറയരുത്. കേന്ദ്ര സര്‍ക്കാരിനു നല്‍കിയ ഈ നിവേദനത്തെ കേന്ദ്ര സംഘം വിലയിരുത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ അനുവദിക്കുന്ന തുകയില്‍ നിന്ന് യഥാര്‍ത്ഥത്തില്‍ ചെലവായ തുക കേരള സര്‍ക്കാരിനു റീഇംബേഴ്‌സ് ചെയ്യുകയാണു നടപടി ക്രമം. ഇതല്ലേ എക്കാലത്തും ഉണ്ടായിട്ടുള്ളത്?
ഇന്നത്തെ കേരളകൗമുദി റിപ്പോര്‍ട്ട് അവസാനിക്കുന്നത് ഈ വിവാദം കേന്ദ്ര സഹായം ലഭിക്കുന്നതിന് കുരുക്കായി മാറുമെന്ന് പറഞ്ഞുകൊണ്ടാണ്. സംഘികള്‍ അതു ചെയ്യട്ടെ. അതിനോടൊപ്പം യുഡിഎഫ് ചേരേണ്ടതുണ്ടോ?