താനൂര്‍ ബോട്ടപകടം: മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

താനൂര്‍ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. താനൂര്‍ സ്വദേശികളായ സലാം, വാഹിദ്, മുഹമ്മദ് ഷാഫി എന്നിവരാണ് പിടിയിലായത്. മുഖ്യപ്രതിയും ബോട്ടുടമയുമായ നാസറിനെ രക്ഷപ്പെടാന്‍ സഹായിച്ചതിനാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം, നാസറിനെ പരപ്പനങ്ങാട് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഇയാളെ തിരൂര്‍ സബ്ജയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതിക്ക് നേരെ കോടതിക്ക് മുമ്പില്‍ വച്ച് നാട്ടുകാരുടെ പ്രതിഷേധമുണ്ടായി.

ഇയാള്‍ക്ക് നേരെ നേരത്തെ കൊലപാതക കുറ്റം ചുമത്തിയിരുന്നു. ഇന്നലെ കോഴിക്കോട് വെച്ചാണ് നാസറിനെ പൊലീസ് അറസ്റ്റുചെയ്തത്. അപകടം നടന്ന ശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിക്കെതിരെ കൊലക്കുറ്റം വരുന്ന ഐ.പി.സി 302 അടക്കം ഗുരുതരവകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കൂടുതല്‍ പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് എസ്.പി പറഞ്ഞു.

Read more

അപകട സമയത്ത് ബോട്ടില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം തുടരുകയാണ്. ഇവര്‍ ഒളിവില്‍ ആണെന്ന് പൊലീസ് കരുതുന്നു.