രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കി; ശോഭ സുരേന്ദ്രനെതിരെ അപകീര്‍ത്തി കേസ് നല്‍കി ഇപി ജയരാജന്‍

വക്കീല്‍ നോട്ടീസിന് പിന്നാലെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനെതിരെ അപകീര്‍ത്തി കേസ് നല്‍കി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ശോഭ സുരേന്ദ്രന്‍ നടത്തിയ വിവാദ പ്രസ്താവനയിലാണ് ജയരാജന്‍ കേസ് ഫയല്‍ ചെയ്തത്.

കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇപി ഇതുസംബന്ധിച്ച കേസ് ഫയല്‍ ചെയ്തത്. ബിജെപി പ്രവേശനത്തിനായി ദല്ലാള്‍ നന്ദകുമാര്‍ മുഖേന ഇപി ജയരാജന്‍ ഒന്നിലേറെ തവണ ചര്‍ച്ച നടത്തിയെന്നായിരുന്നു ശോഭ സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണം. തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ വിവാദ പ്രസ്താവന ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

ശോഭ സുരേന്ദ്രന്റേത് വ്യാജ ആരോപണമാണെന്നും താന്‍ ശോഭയെ നേരിട്ട് കണ്ടിട്ടില്ലെന്നും അറിയിച്ച് ഇപി രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് ആരോപണം ഉന്നയിച്ച ശോഭ സുരേന്ദ്രന്‍, ദല്ലാള്‍ നന്ദകുമാര്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എന്നിവര്‍ക്കെതിരെ ഇപി പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കിയിരുന്നു.

എന്നാല്‍ ഇപിയുടെ പരാതിയില്‍ കേസെടുക്കാന്‍ സാധിക്കില്ലെന്ന് ഡിജിപി വ്യക്തമാക്കിയതോടെയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. വ്യാജ ആരോപണങ്ങള്‍ തന്റെ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയെന്ന് ഇപിയുടെ ഹര്‍ജിയില്‍ പറയുന്നു.