ചട്ടവിരുദ്ധ പിരിവില്‍ പ്രതിഷേധ ചൂടറിഞ്ഞു; താമരശ്ശേരി ചുരത്തില്‍ വാഹനങ്ങളില്‍ നിന്നും പണം വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ചു

വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ താമരശ്ശേരി ചുരത്തില്‍ യൂസര്‍ഫീസ് ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിച്ചു. സാമൂഹ്യ മാധ്യമങ്ങിലടക്കം വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ പിരിവില്‍ എതിര്‍പ്പറിയിച്ച് ജില്ലാ ഭരണകൂടവും പൊതുമരാമത്ത് വകുപ്പും രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് ഉത്തരവ് പിന്‍വലിച്ചത്.

യൂസര്‍ഫീസ് ഈടാക്കുന്ന നടപടി നിലവിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ തീരുമാനത്തില്‍നിന്ന് പിന്‍മാറണമെന്ന് കളക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി, പൊതുമരാമത്ത് (ദേശീയപാത വിഭാഗം)എക്സിക്യുട്ടീവ് എന്‍ജിനിയര്‍ കെ. വിനയരാജ് എന്നിവര്‍ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് വ്യൂപോയന്റുകള്‍ ഉള്‍പ്പെടെ സഞ്ചാരികള്‍ കേന്ദ്രീകരിക്കുന്ന ഭാഗങ്ങളില്‍ വാഹനമൊന്നിന് ഇരുപതുരൂപ ഈടാക്കുന്ന നടപടി നിര്‍ത്തിയത്.

Read more

‘അഴകോടെ ചുരം’ കാമ്പയിനിന്റെ ഭാഗമായാണ് ചുരത്തില്‍ പിരിവ് ഏര്‍പ്പെടുത്താനൊരുങ്ങുന്നത്. ഇതിനായി വ്യൂപോയന്റിലും വിനോദ സഞ്ചാരികള്‍ കേന്ദ്രീകരിക്കുന്ന ചുരത്തിലെ മറ്റു പ്രധാന ഭാഗങ്ങളിലും ഹരിതകര്‍മസേനാംഗങ്ങളെ ഗാര്‍ഡുമാരായി നിയോഗിക്കാനാണ് തീരുമാനിച്ചിരുന്നത്. ഹരിതകര്‍മ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ ചുരം മാലിന്യമുക്തമാക്കുന്ന ശുചീകരണയജ്ഞത്തിന്റെ നടത്തിപ്പിനായി ഈ തുക വിനിയോഗിക്കാനും ജനകീയ പങ്കാളിത്തത്തോടെ ഫെബ്രുവരി 12ന് ചുരം വീണ്ടും ശുചീകരിക്കാനും ചുരം മാലിന്യനിര്‍മാര്‍ജനത്തിന് വിശദമായ ഡി.പി.ആര്‍. തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാനും പ്രസിഡന്റ് ബീന തങ്കച്ചന്‍ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്. എന്നാല്‍, ഇതിനെതിരെ വ്യാപക പ്രരിഷേധമാണ് പൊതുഇടത്തിലും സോഷ്യല്‍ മീഡിയയിലും ഉയര്‍ന്നത്.