അനാഥാലയത്തിലെ പെൺകുട്ടികൾക്ക് നേരേ അധ്യാപകന്റെ ലൈംഗികാതിക്രമം; പരാതി മുക്കി പ്രിൻസിപ്പൽ, നടപടി എടുക്കാതെ പൊലീസ്

കോഴിക്കോട് അനാഥാലയത്തിലെ പെൺകുട്ടികൾക്ക് നേരേ അധ്യാപകൻ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ നടപടിയില്ലെന്ന് ആക്ഷേപം. സംഭവവുമായി ബന്ധപ്പെട്ട് അതിക്രമം നേരിട്ട കുട്ടികൾ പരാതി നൽകിയെങ്കിലും ഈ പരാതികൾ പ്രിൻസിപ്പൽ പരാതി പൂഴ്ത്തിയെന്നും ആരോപണമുണ്ട്. അതേസമയം പരാതി പരിശോധിച്ച ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കേസ് എടുക്കാൻ നിർദേശിച്ചെങ്കിലും മുക്കം പൊലീസും ഇതുവരെ കേസെടുത്തിട്ടില്ല.

ലൈംഗിക പീഡനം നടന്നുവെന്നും അധ്യാപകനെ പുറത്താക്കണമെന്നും ആരോപിച്ച് 12-ഓളം കുട്ടികളാണ് പരാതി എഴുതി നൽകിയത്. പരാതി കുട്ടികൾ താത്കാലിക പ്രോഗ്രാം ഓഫീസർക്ക് കൈമാറിയിരുന്നു. തുടർന്ന് താത്കാലിക പ്രോഗ്രാം ഓഫീസർ പരാതി പ്രിൻസിപ്പലിന് കൈമാറി. എന്നാൽ ഈ പരാതികൾ പ്രിൻസിപ്പൽ മുക്കുകയായിരുന്നു.

കോഴിക്കോട്ട് പ്രവർത്തിക്കുന്ന അനാഥാലയത്തിലെ അധ്യാപകനെതിരെയാണ് പെൺകുട്ടികൾ പരാതി നൽകിയത്. അധ്യാപകനെതിരേ ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്. പെൺകുട്ടികളുടെ പരാതി എഴുതിവാങ്ങിച്ച ജീവനക്കാരിയെ പ്രതികാരനടപടിയുടെ ഭാഗമായി സ്ഥാപനത്തിൽനിന്ന് പുറത്താക്കിയെന്നും ആരോപണമുണ്ട്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് മുൻപാകെ വിദ്യാർഥിനികളും രക്ഷിതാക്കളും പരാതി നൽകിയിട്ടുണ്ട്.

അതേസമയം നേരത്തെ സംഭവത്തിൽ കേസ് എടുക്കാൻ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ നിർദേശിച്ചെങ്കിലും മുക്കം പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. അതിക്രമത്തിന് ഇരയായ ഒരു കുട്ടിയുടെ രക്ഷിതാവ് ചൈൽഡ് ലൈനിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് പരാതി പരിശോധിച്ച ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കേസ് എടുക്കാൻ നിർദേശിച്ചത്. അതിനിടെ സ്ഥാപന ഉടമകൾ പെൺകുട്ടികളെയും വീട്ടുകാരെയും സ്വാധീനിച്ച് മൊഴി മാറ്റാൻ ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്.

Read more