പോസ്റ്റുമാൻ ഇനി സഞ്ചരിക്കുന്ന എ.ടി.എം; ദിവസവും 10000 രൂപ വരെ പിൻവലിക്കാം

കാലത്തിനൊത്ത് മാറാൻ പുതിയ പരിഷ്ക്കാരങ്ങളുമായി തപാൽവകുപ്പ്. സഞ്ചരിക്കുന്ന എടിഎം ആയി സംസ്ഥാനത്തെ പോസ്റ്റ്മാൻമാൻമാർ മാറും. ഇതനുസരിച്ച് വീട്ടിലെത്തുന്ന പോസ്റ്റുമാനിൽനിന്ന് പണം പിൻവലിക്കുകയോ അക്കൌണ്ട് ബാലൻസ് അറിയുകയോ ചെയ്യാം. ആധാറുമായി ലിങ്ക് ചെയ്ത ബാങ്കിലെയോ പോസ്റ്റ് ഓഫീസ് പേമെന്‍റ് ബാങ്കിലെയോ അക്കൌണ്ടുകളിൽനിന്നാണ് ഇത്തരത്തിൽ പണം പിൻവലിക്കാനാകുക. ഒരു ദിവസം 10000 രൂപ വരെ ഇത്തരത്തിൽ പിൻവലിക്കാം. പണം നിക്ഷേപിക്കാനും സാധിക്കും. ആധാർ എനേബിൾഡ് പേമെന്‍റ് സംവിധാനത്തിലൂടെയാണ്(AEPS) പോസ്റ്റുമാൻ സഞ്ചരിക്കുന്ന എടിഎം ആയി മാറുന്നത്.

സംസ്ഥാനത്തെ 10600 പോസ്റ്റുമാൻമാരിൽ 7196 പേരാണ് ആദ്യ ഘട്ടത്തിൽ സഞ്ചരിക്കുന്ന എടിഎം ആയി മാറുന്നതിനുള്ള പരിശീലനം പൂർത്തിയാക്കിയത്. സംസ്ഥാനത്തെ 5064 പോസ്റ്റോഫീസുകളിൽ 4742 ഇടങ്ങളിലാണ് പുതിയ സൌകര്യം ലഭ്യമാകുക. തപാൽവകുപ്പ് തയ്യാറാക്കിയ മൈക്രോ എടിഎം ആപ്പും മൊബൈൽ ഫോണും ബയോ മെട്രിക് ഉപകരണവും സംയോജിപ്പിച്ചാണ് സഞ്ചരിക്കുന്ന എടിഎമ്മുകളായി പോസ്റ്റുമാൻമാർ മാറുന്നത്.

പ്രായാധിക്യം, അസുഖം എന്നിവ മൂലം ബാങ്കുകളിൽ പോകാൻ സാധിക്കാത്തവർക്കാണ് ഈ സൌകര്യം പ്രയോജനപ്പെടുത്താനാകുക. കൂടാതെ ഓൺലൈൻ ബാങ്കിങ് ഇടപാടുകളിൽ പ്രാവീണ്യമില്ലാത്തവർക്കും എടിഎം കാർഡ് ഉപയോഗിക്കാൻ അറിയാത്തവർക്കും തപാൽ വകുപ്പിന്‍റെ സേവനം പ്രയോജനപ്പെടുത്താനാകും. ഒന്നിലധികം ബാങ്കുകളുടെ സേവനം ഈ സംവിധാനത്തിൽ ഏകോപിക്കപ്പെടുന്നുവെന്നതാണ് എഇപിഎസിന്‍റെ മറ്റൊരു പ്രത്യേകത.

Read more

പോസ്റ്റൽ സേവിങ്സ് അക്കൌണ്ട് ഇല്ലാത്തവർക്കും എ.ഇ.പി.എസ് സൌകര്യം പ്രയോജനപ്പെടുത്താം. പോസ്റ്റുമാന്‍റെ കൈവശമുള്ള മൊബൈൽ ആപ്പിൽ അക്കൌണ്ട് നമ്പർ, ഫോൺ നമ്പർ, ആധാർ നമ്പർ, ആധാർ കാർഡിലെ ക്യൂ ആർ കോഡ് എന്നിവ ഉപയോഗിച്ച് ബാങ്കിങ് ഇടപാട് നടത്താനാകും. ഇടപാട് പൂർത്തിയാക്കാൻ അവരവരുടെ ആധാർ ബയോമെട്രിക് വിവരങ്ങൾ നൽകണമെന്ന് മാത്രം.