2017 ല്‍ ആലുവയില്‍ രജിസ്റ്റര്‍ ചെയത കേസിൽ നിർണായക പരാമർശവുമായി ഹൈക്കോടതി. നല്ല ശരീരഘടനയാണെന്ന് സ്ത്രീയോട് പറയുന്നതും ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയക്കുന്നതും ലൈംഗികാതിക്രമം ആണെന്ന് ഹൈക്കോടതി വ്യക്തമാക്കി. 2017 ല്‍ ആലുവയില്‍ രജിസ്റ്റര്‍ ചെയത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമർശം.
സഹപ്രവര്‍ത്തകയുടെ ശരീരഭംഗി മികച്ചതാണെന്ന് പറഞ്ഞതിനും ഫോണില്‍ ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ചതിനും ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകള്‍ പ്രകാരമെടുത്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് പ്രതി ഹർജി നല്‍കിയത്. കെഎസ്ഇബി ഉദ്യോഗസ്ഥനായിരുന്നു ആര്‍ രാമചന്ദ്രന്‍ നായരാണ് ഹര്‍ജിക്കാരന്‍. ‘മികച്ച ബോഡി സ്ട്രകചര്‍’ എന്ന കമന്റില്‍ ലൈംഗികച്ചുവയില്ലെന്നായിരുന്നു പ്രതിയുടെ വാദം.
എന്നാല്‍ ഇതിനെ പരാതിക്കാരി ശക്തമായി എതിര്‍ത്തു. മുന്‍പും ഹര്‍ജിക്കാരന്റെ ഭാഗത്ത് നിന്നും സമാനമായ പ്രവൃത്തി ഉണ്ടായിട്ടുണ്ടെന്നും ഫോണ്‍ ബ്ലോക്ക് ചെയ്തിട്ടും മറ്റ് നമ്പറുകളില്‍ നിന്നും ലൈംഗികചുവയുള്ള സന്ദേശം അയച്ചതും പരാതിക്കാരി കോടതിയെ അറിയിച്ചു. കെഎസ്ഇബി വിജിലന്‍സ് ഓഫീസര്‍ക്കടക്കം പരാതി നല്‍കിയിട്ടും മോശമായ പെരുമാറ്റം തുടര്‍ന്നു. സ്ത്രീയുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചു എന്നതടക്കമുള്ള വകുപ്പുകളും ഹര്‍ജിക്കാരനെതിരെ ചുമത്തിയിരുന്നു. ഇതൊന്നും റദ്ദാക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് ജസ്റ്റിസ് എ ബദറുദ്ദീനാണ് ഹര്‍ജി തള്ളിയത്.