പത്തുമക്കള്‍; അമ്മയെ ആര് സംരക്ഷിക്കണമെന്ന് തര്‍ക്കം; വയോധിക ആംബുലൻസിൽ ചെലവഴിച്ചത് മണിക്കൂറുകള്‍

ആറ്റിങ്ങലില്‍ അമ്മയെ ആര് സംരക്ഷിക്കണമെന്ന മക്കളുടെ തര്‍ക്കത്തെ തുടര്‍ന്ന് അവശ നിലയില്‍ വയോധിക ആംബുലന്‍സില്‍ ചെലവഴിച്ചത് മണിക്കൂറുകള്‍. തിങ്കളാഴ്ചയാണ് സംഭവം.ശരീരത്തില്‍ ട്യൂബ് ഘടിപ്പിച്ച അവസ്ഥയില്‍ നാല് മണിക്കൂര്‍ നേരമാണ് വയോധിക ആബുലന്‍സില്‍ കഴിഞ്ഞത്. 85 കാരിയായ കടുവയില്‍ കൊക്കോട്ടുകോണം സ്വദേശിക്കാണ് മക്കളുടെ തര്‍ക്കത്തെ തുടര്‍ന്ന് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്.

പത്ത് മക്കളാണ് വര്‍ക്കുള്ളത്. നാലാമത്തെ മകള്‍ക്കൊപ്പമാണ് കഴിഞ്ഞ ദിവസം വരെ താമസിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഈ മകള്‍ അമ്മയെ ആംബുലന്‍സില്‍ കയറ്റി അഞ്ചാമത്തെ മകളുടെ വീട്ടില്‍ എത്തിക്കുകയായിരുന്നു. നോക്കാന്‍ കഴിയില്ല എന്ന് അഞ്ചാമത്തെ മകള്‍ പറഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ക്കിടയില്‍ തര്‍ക്കം ഉടലെടുത്തു. മണിക്കൂറുകള്‍ നീണ്ടു നിന്ന തര്‍ക്കം പൊലീസും നാട്ടുകാരും ഇടപെട്ടാണ് പരിഹരിച്ചത്.

സംഭവത്തില്‍ ഇടപെട്ട പൊലീസ് മൂന്നു മാസം വീതം ഓരോ മക്കളും അമ്മയെ നോക്കണമെന്ന് ധാരണയുണ്ടാക്കി. ഇക്കാര്യത്തില്‍ മക്കളില്‍ നിന്നും ഉറപ്പ് എഴുതി വാങ്ങുകയും ചെയ്തു.വയോധികയുടെ മൂത്തമകള്‍ വീണ് നട്ടെല്ലിന് ക്ഷതം സംഭവിച്ച് ആശുപത്രിയിലാണ്. അതിനാല്‍ ഇവരെ പരിചരിക്കാനായി ആശുപത്രിയില്‍ പോകേണ്ടത് ഉള്ളതിനാലാണ് അമ്മയെ നോക്കാനായി അഞ്ചാമത്തെ മകളുടെ വീട്ടിലെത്തിച്ചത് എന്നാണ് നാലാമത്തെ മകള്‍ പൊലീസിനെ അറിയിച്ചത്.