കോട്ടയത്ത് സില്‍വര്‍ ലൈന്‍ സര്‍വേ കല്ലിടല്‍ പുനരാരംഭിച്ചതോടെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച 12 അതിരടയാള കല്ലുകളും പ്രതിഷേധക്കാര്‍ പിഴുതെറിഞ്ഞു. പൊലീസുകാരും ജനങ്ങളും തമ്മില്‍ വാക്കേറ്റവും തര്‍ക്കവുമായി. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെയാണ് നട്ടാശേരിയില്‍ കെ റെയില്‍ ഉദ്യോഗസ്ഥര്‍ കല്ലുകള്‍ ഇടാനായി എത്തിയത്. ഉദ്യോഗസ്ഥര്‍ എത്തിയതറിഞ്ഞ് കൂടുതല്‍ സമരക്കാര്‍ സ്ഥലത്തെത്തുകയും കല്ലുകള്‍ പിഴുതെറിയുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
എന്നാല്‍ ഇത് വകവയ്ക്കാതെ 12 കല്ലുകള്‍ സ്ഥാപിച്ചു. തുടര്‍ന്ന് പ്രക്ഷോഭകര്‍ ഇവയെല്ലാം പിഴുത് കല്ലുകള്‍ കൊണ്ടുവന്ന വാഹനത്തില്‍ തന്നെ തിരികെ ഇടുകയായിരുന്നു. അതിരടയാള കല്ലുകള്‍ വില്ലേജ് ഓഫീസില്‍ കൊണ്ടുപോയി ഇടുമെന്നാണ് സമരക്കാര്‍ അറിയിച്ചത്.
പിറവം മേഖലയിലും കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ എത്തിയാല്‍ തടയാനായി ജനകീയ സമരക്കാര്‍ പല പ്രദേശങ്ങളിലായി സംഘടിച്ചിരിക്കുകയാണ്. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ സമരരംഗത്തുണ്ട്.