ഡിവൈഎഫ്‌ഐ തീവ്രവാദ ബന്ധം ആരോപിച്ച സംഭവത്തില്‍ പ്രതികരിച്ച് കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്. ഡിവൈഎഫ്‌ഐ കാസര്‍കോട് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ടിനെ വെല്ലുവിളിച്ചാണ് ബാബു പെരിങ്ങേത്ത് രംഗത്ത് വന്നത്. തന്റെ തീവ്രവാദ ബന്ധം ഡിവൈഎഫ്‌ഐ തെളിയിക്കണമെന്നാണ് ഡിവൈഎസ്പിയുടെ വെല്ലുവിളി.
രജീഷ് വെള്ളാട്ട് ആരോപിച്ച കാര്യങ്ങളില്‍ തെളിവ് ഉള്‍പ്പെടെ പുറത്തുവിടണമെന്നും അല്ലാത്തപക്ഷം ഇതുവരെ വിശ്വസിച്ചിരുന്ന ചിന്തകളില്‍ നിന്ന് ഇറങ്ങി പോകുമെന്നും എല്ലാ തരത്തിലുള്ള പാര്‍ട്ടി കൂറും വിടാന്‍ കുടുംബം മാനസികമായി തയ്യാറെടുത്തെന്നും ഡിവൈഎസ്പി ബാബു പെരിങ്ങോത്ത് വ്യക്തമാക്കി.
വാട്‌സ്ആപ്പ് സന്ദേശത്തിലൂടെയാണ് ബാബു പെരിങ്ങോത്ത് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തന്നെ മര്‍ദ്ദകനെന്നോ തെമ്മാടിയെന്നോ നാറിയെന്നോ വിളിച്ചോട്ടെ താന്‍ സഹിക്കുമെന്നും എന്നാല്‍ രജീഷ് വെള്ളാട്ടിന്റെ ആരോപണങ്ങള്‍ സഹിക്കില്ലെന്നും ഡിവൈഎസ്പി പ്രതികരിച്ചു. ബാബു പെരിങ്ങേത്ത് തീവ്രവാദ ഗ്രൂപ്പില്‍ നിന്ന് പണം വാങ്ങിയെന്നായിരുന്നു രജീഷ് വെള്ളാട്ടിന്റെ ആരോപണം.
Read more
ജനുവരി 11ന് മുന്‍പായി ഇക്കാര്യത്തില്‍ ഡിവൈഎഫ്ഐയുടെ വിശദീകരണം ലഭിച്ചില്ലെങ്കില്‍ ഈ നിമിഷം വരെ എതിര്‍ത്ത മറ്റൊരു ചിന്തയിലേക്ക് കുടുംബം ഉള്‍പ്പടെ മാറുമെന്നാണ് കടുത്ത സിപിഎം അനുഭാവിയായ ഡിവൈഎസ്പിയുടെ നിലപാട്. സുഹൃത്തിന് ബാബു അയച്ച വാട്‌സ്ആപ്പ് സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.