കാറില്‍ ചാരിനിന്നതിന് ആറുവയസ്സുകാരനെ യുവാവ് തൊഴിച്ച സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ ബെന്യാമിന്‍. ചവിട്ടിയവന്റെ മാനസികാവസ്ഥയേക്കാല്‍ അല്‍പ്പം കൂടി ഗൗരവമായി കാണേണ്ടത് അതിനെ ലാഘത്തോടെ കണ്ട കേരളാപൊലീസിന്റെ മാനസികാവസ്ഥയാണെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ബെന്യമിന്റെ വാക്കുകള്‍
ചവിട്ടിയവന്റെ മാനസികാവസ്ഥ ഓര്‍ത്ത് അദ്ഭുതപ്പെടാന്‍ ഒന്നുമില്ല. ഇതര സംസ്ഥാനക്കാരോട് കേരളീയന്റെ പൊതു മാനസീകാവസ്ഥയാണത്. ഇതര സംസ്ഥാനക്കാര്‍ വന്ന് കേരളീയന്റെ സംസ്‌കാരം നശിപ്പിച്ചുകളയുമേ എന്ന് വിലപിച്ച കവയത്രിയുടെ നാടാണിത്. എന്നാല്‍ ഇതൊക്കെയെന്ത് എന്ന പോലീസിന്റെ മനോഭാവമാണ് നമ്മള്‍ കൂടുതല്‍ ഗൗരവമായി കാണേണ്ടത്. പരാതിയുമായി ചെല്ലുന്നവനോടുള്ള പോലീസിന്റെ അനാസ്ഥ കേരളം അടുത്തിടെ ചര്‍ച്ച ചെയ്ത പല കേസുകളിലും നാം കണ്ടു കഴിഞ്ഞു. കേരള പോലീസിന് കാര്യമായ പ്രശ്‌നമുണ്ട്. ആരെങ്കിലും സമ്മര്‍ദ്ദം ചെലുത്തിയാല്‍ മാത്രമാണ് അവര്‍ക്ക് കാര്യഗൗരവം മനസിലാവുന്നുള്ളു. അടിയന്തിരമായി അത് പരിഹരിക്കേണ്ടതുണ്ട്.
അതേസമയം, തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് പിഞ്ചുബാലനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി ശിഹ്ഷാദിനെ(20) അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ആറു വയസുകാരനെ ചവിട്ടി തെറിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗണേഷ് എന്ന കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്. കുട്ടിയുടെ നടുവിന് സാരമായി പരിക്കേറ്റു.
തലശേരിയില്‍ തിരക്കേറിയ റോഡില്‍ റോംഗ്‌സൈഡായി വണ്ടി നിര്‍ത്തിയിട്ട ശേഷമാണ് ഇയാള്‍ അക്രമം നടത്തിയത്. ഒരു വിവാഹ ആവശ്യത്തിനായി കുടുംബത്തോടൊപ്പം എത്തിയ ശിഹ്ഷാദ് വണ്ടി നിര്‍ത്തിയ സമയം രാജസ്ഥാന്‍ സ്വദേശികളുടെ മകനായ ഗണേഷ് എന്ന ആറുവയസുകാരന്‍ കാറിന് സൈഡില്‍ ചാരിനിന്നു.
ഇത് കണ്ടുവന്ന ശിഹ്ഷാദ് കുട്ടിയെ ചവിട്ടി്. കുട്ടിയെ ആക്രമിക്കുന്നത് കണ്ട നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തു. കാറിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന വിചിത്ര ന്യായമാണ് ഇയാള്‍ ഉന്നയിച്ചത്.
പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇയാളെ വിളിച്ച് വരുത്തി കാര്യം തിരക്കുകയും കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. . സിസിടിവി ദൃശ്യങ്ങള്‍ വൈറലായതോടെയാണ് നടപടിയ്ക്ക് പൊലീസ് തയ്യാറായത്.
സംഭവത്തില്‍ പരിക്കേറ്റ ബാലന് നടുവിന് ഗുരുതര പരിക്കുണ്ട്. കുട്ടിയെ ദൃക്‌സാക്ഷികളില്‍ ചിലര്‍ ആശുപത്രിയിലെത്തിച്ചു. അതേസമയം സംഭവം ശ്രദ്ധയില്‍പെട്ടതായും പ്രശ്‌നത്തില്‍ ഇടപെടുമെന്നും ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ പ്രതികരിച്ചു.