'കർണാടക സർക്കാരിന് നന്ദി'; വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട സിദ്ധരാമയ്യയുടെ കത്തിന് മറുപടി നൽകി പിണറായി വിജയൻ

വയനാട് പുനരധിവാസം സംബന്ധിച്ച കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. 100 വീടുകൾ നിർമ്മിക്കാന്‍ സഹായം വാ​ഗ്ദാനം ചെയ്ത കർണാടക സർക്കാരിന് മുഖ്യമന്ത്രി നന്ദി അറിയിച്ചു. വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ടൗൺഷിപ്പ് പദ്ധതി അന്തിമരൂപത്തിലാകുമ്പോൾ കർണാടകയെ അറിയിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സുതാര്യമായ സ്പോൺസർ ഷിപ്പ് ഫ്രെയിം വർക്ക് തയ്യാറാക്കി വരുകയാണെന്നും മുഖ്യമന്ത്രി പറയുന്നു. വൈത്തിരി താലൂക്കിൽ കണ്ടെത്തിയ രണ്ട് സ്ഥലങ്ങളിൽ ടൗൺ ഷിപ്പ് സ്ഥാപിച്ച് പുനരധിവാസം ആലോചിക്കുന്നുണ്ട്. കർണാടക സർക്കാരിൻ്റേതടക്കം എല്ലാ ഓഫറുകളും ഉറപ്പ് വരുത്തും. പ്ലാനിൻ്റെ ഓരോ ഘട്ടവും ട്രാക്ക് ചെയ്യാവുന്ന രീതിയിലാണ് പദ്ധതി തയ്യാറാകുന്നതെന്നും വിശദാംശങ്ങൾ ഉടൻ അറിയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇക്കഴിഞ്ഞ ദിവസമാണ് വയനാട് മേപ്പാടിയിലെ മുണ്ടൈക്ക, ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്ത ബാധിതര്‍ക്ക് വീട് വെച്ച് നൽകാമെന്ന കര്‍ണാടക സര്‍ക്കാരിന്‍റെ വാഗ്ദാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് സിദ്ധരാമയ്യ കത്തയച്ചത്. വിഷയത്തിൽ കേരള സര്‍ക്കാർ ഇതുവരെ മറുപടി നൽകാത്ത സാഹചര്യത്തിലാണ് കത്തയച്ചത്. വാഗ്ദാനം നടപ്പാക്കാൻ സർക്കാർ ഇപ്പോഴും തയാറാണെന്നും കത്തിൽ പറഞ്ഞിരുന്നു.

വയനാട് ദുരന്തത്തിന് പിന്നാലെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി 100 വീടുകള്‍ വെച്ച് നൽകാമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാൽ കേരള സർക്കാർ ഇതിന് മറുപടിയൊന്നും നൽകിയില്ലെന്ന് സിദ്ധരാമയ്യ കത്തിൽ പറഞ്ഞിരുന്നു. കേരള ചീഫ് സെക്രട്ടറി തലത്തിലും വിഷയം സംസാരിച്ചിരുന്നുവെന്നും വാഗ്ദാനം നടപ്പാക്കാൻ ഇപ്പോഴും തയ്യാര്‍ ആണെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു.