ശശി തരൂര്‍ ഒരു ട്രെയിനി മാത്രമാണെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷനാകുന്നത് പ്രായോഗികമല്ലെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് സുധാകരന്‍ ഇക്കാര്യം പറഞ്ഞത്.
അണികളില്‍ നിന്ന് ഉയര്‍ന്നു വന്ന നേതാവാണ് ഖാര്‍ഗെ. നിങ്ങള്‍ക്ക് ഒരു പാര്‍ട്ടിയെ നയിക്കാനോ പാര്‍ട്ടി പ്രവര്‍ത്തകരുടെ മനഃശാസ്ത്രം മനസ്സിലാക്കാനോ അക്കാദമിക അറിവ് കൊണ്ട് മാത്രം കഴിയില്ല. മറ്റെന്തെങ്കിലും പോസ്റ്റ് സ്വീകരിക്കണമെന്ന് ഞാന്‍ തരൂരിനോട് പറഞ്ഞു. എങ്കിലും അദ്ദേഹം ഉറച്ച തീരുമാനമുള്ള ആളാണ്. പക്ഷേ, പ്രായോഗികമായി, പാര്‍ട്ടിയെ നയിക്കുക അദ്ദേഹത്തിന് അസാധ്യമാണ്. ഒരു ട്രെയിനി ഒരു ഫാക്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നത് പോലെയാണ് ഇത്. ഞാന്‍ ഖാര്‍ഗെക്ക് വോട്ട് ചെയ്യുമെന്നും സുധാകരന്‍ പറഞ്ഞു.
അനുഭവപരിചയമില്ലാത്തതിന്റെ അപകടങ്ങള്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ് രാഹുല്‍ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാത്തത്. പരിചയസമ്പന്നനായ ഒരു രാഷ്ട്രീയക്കാരനാകാനുള്ള രാഹുലിന്റെ ശ്രമത്തിന്റെ തുടക്കമാണ് ഭാരത് ജോഡോ യാത്ര. എല്ലാ വിഭാഗം ആളുകളുമായും അദ്ദേഹം ബന്ധം സ്ഥാപിക്കുന്നു, യാത്ര വന്‍ വിജയമാണ്. അദ്ദേഹം യാത്ര പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍, നിങ്ങള്‍ ഒരു പുതിയ രാഹുല്‍ ഗാന്ധിയെ കാണുമെന്നും സുധാകരന്‍ പറഞ്ഞു.
ഒക്ടോബര്‍ 17നാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 19ന് ഫലം അറിയാം.