ഷഹബാസിന്റെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍; പ്രധാന പ്രതിയുടെ പിതാവിനെയും പ്രതി ചേര്‍ക്കും

കോഴിക്കോട് താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ പിതാവിനെയും കേസില്‍ പ്രതിചേര്‍ത്തേക്കും. അക്രമം നടക്കുന്ന സമയം ഇയാള്‍ സ്ഥലത്തുണ്ടായിരുന്നതായി പൊലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സിസിടിവി കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

ക്വട്ടേഷന്‍ സംഘങ്ങളുമായി അടുത്ത ബന്ധമുള്ളയാളാണ് ഇയാളെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഷഹബാസിന്റെ കൊലപാതകത്തിലേക്ക് നയിച്ച മര്‍ദ്ദനത്തിന് ഉപയോഗിച്ച നഞ്ചക്കും ഇയാളുടെ വീട്ടില്‍ നിന്ന് ആയിരുന്നു കണ്ടെത്തിയത്. പ്രതി ടിപി കേസ് പ്രതി ടികെ രജീഷിന് ഒപ്പം നില്‍ക്കുന്ന ഫോട്ടോകളും നേരത്തെ പുറത്തുവന്നിരുന്നു.

അതേസമയം കേസില്‍ പ്രതികള്‍ പരീക്ഷ എഴുതുന്നതിനെതിരെ പ്രതിഷേധവുമായി കെഎസ്യു ഉള്‍പ്പെടെ ഉള്ള സംഘടനകള്‍ രംഗത്തുവന്നിരുന്നു. പ്രതികളെ വെള്ളിമാടുകുന്നു ജുവൈനല്‍ ഹോമില്‍ തന്നെ പരീക്ഷ എഴുതിക്കാനാണ് നിലവില്‍ തീരുമാനമായിരിക്കുന്നത്. പ്രതിപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്താണ് നീക്കം. അതേസമയം പ്രതിഷേധത്തിനിടെ ചില പ്രവര്‍ത്തകര്‍ ജുവൈനല്‍ ഹോമിനുള്ളിലേക്ക് ചാടി കടന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത നീക്കി.

നേരത്തെ ജുവൈനല്‍ ഹോമിന്റെ അടുത്തുള്ള സ്‌കൂളുകളില്‍ എഴുതിക്കാനായിരുന്നു ആലോചന. എന്നാല്‍ പ്രതിഷേധം കനക്കുകയായിരുന്നു. ജുവൈനല്‍ ഹോമിലേക്ക് എംഎസ്എഫ് നടത്തിയ പ്രവര്‍ത്തകരുടെ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പിന്നീട് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കിയിരുന്നു.

ഇക്കഴിഞ്ഞ ദിവസത്തെ വിദ്യാര്‍ത്ഥികളുടെ സംഘര്‍ഷത്തെ തുടര്‍ന്നാണ് താമരശ്ശേരി ചുങ്കം പാലോറക്കുന്നിലെ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസ് ക്രൂരമര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. തലക്ക് ഗുരുതര പരിക്കേറ്റ ഷഹബാസ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ട്യൂഷന്‍ സെന്ററിലെ സെന്റോഫുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഷഹബാസ് ക്രൂരമര്‍ദനത്തിന് ഇരയായി കൊല്ലപ്പെടാന്‍ കാരണമായത്. ഷഹബാസിന്റെ മരണത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ജില്ലാ പൊലീസ് മേധാവിയോടും ശിശുക്ഷേമ സമിതി ചെയര്‍പേഴ്സണോടും ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ വിശദീകരണം തേടിയിരുന്നു.