48 മണിക്കൂറിനുള്ളില്‍ റോഡുകളിലെ കുഴികള്‍ അടയ്ക്കുമെന്ന പ്രഖ്യാപനം പാഴ്‌വാക്കായി; കുഴികള്‍ പൂര്‍ണമായും അടച്ചില്ല

ദേശീയപാതയിലെ കുഴികള്‍ 48 മണിക്കൂറിനുള്ളില്‍ അടയ്ക്കുമെന്ന കരാര്‍ കമ്പനിയുടെ പ്രഖ്യാപനം പാഴ്‌വാക്കായി. ഇടപ്പള്ളി – അങ്കമാലി ദേശീയപാതയിലെ കുഴികള്‍ അടയ്ക്കുമെന്നായിരുന്നു ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ചാലക്കുടി ഭാഗത്ത് ഇനിയും കുഴികള്‍ അടയ്ക്കാനുണ്ട്. പുതുക്കാട്ടെ കുഴികള്‍ പൂര്‍ണമായും അടച്ചില്ല. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയില്‍ ഇന്നലെ ഇട്ട ടാര്‍ ഇളകി തുടങ്ങി.

സര്‍വീസ് റോഡുകള്‍ ഒഴിവാക്കിയാണ് കരാര്‍ കമ്പനി നിലവില്‍ കുഴിയടയ്ക്കുന്നത്. കഴിഞ്ഞ ദിവസം അവധി ആയതിനാലാണ് ജോലികളില്‍ കാര്യമായി പുരോഗതി ഉണ്ടാവാതിരുന്നതെന്നാണ് വിലയിരുത്തല്‍. അതേസമയം റോഡുകളിലെ കുഴിയടക്കല്‍ അശാസ്ത്രീയമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിലെ അറ്റകുറ്റപ്പണി തൃശൂര്‍, എറണാകുളം കളക്ടര്‍മാര്‍ പരിശോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

Read more

റോഡ് റോളര്‍ ഉപയോഗിക്കാത്ത പ്രവര്‍ത്തിയില്‍ അശാസ്ത്രീയത ഉണ്ടായിരുന്നുവെന്നാണ് പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ നടത്തിയ കണ്ടെത്തല്‍. കളക്ടര്‍മാര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. ടോള്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ ശിപാര്‍ശ ചെയ്യുമെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ പറഞ്ഞു. പരിശോധനാ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ നല്‍കുമെന്നും കരാര്‍ കമ്പനിയെ കുറിച്ചുള്ള പരാതി ദേശീയപാതാ അതോറിറ്റിക്ക് കൈമാറുമെന്നും കളക്ടര്‍ വ്യക്തമാക്കി.