അധികാരം കിട്ടിയാല്‍ എന്തും ചെയ്യാമെന്ന് കരുതിയതിന്റെ മറുപടി; പ്രതികരണവുമായി സാബു എം. ജേക്കബ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് ഉജ്ജ്വല വിജയം നേടിയതിനെ തുടര്‍ന്ന് സര്‍ക്കാരിന് എതിരെ രൂക്ഷവിമര്‍ശനവുമായി ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്. ഉപതിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാണ്. അധികാരം കിട്ടിയാല്‍ എന്തുംചെയ്യാമെന്ന് കരുതിയവര്‍ക്കുള്ള മറുപടിയാണിതെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം സര്‍ക്കാരിന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണ് തൃക്കാക്കരയില്‍ ലഭിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. ഭരണത്തിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാണ് തൃക്കാക്കരയില്‍ നടന്നത്. ഇപ്പോഴത്തെ വിജയം ഒരു തുടക്കം മാത്രമാണ്. സംസ്ഥാനത്തുടനീളം വിജയം ആവര്‍ത്തിക്കാനുള്ള ഊര്‍ജ്ജമാണ് തൃക്കാക്കരയിലെ ഫലം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തൃക്കാക്കരയിലെ ചരിത്ര വിജയം പി ടി തോമസിന് സമര്‍പ്പിക്കുന്നുവെന്ന് ഉമ തോമസ് പറഞ്ഞു. ജോ ജോസഫിന് എതിരെയല്ല മത്സരിച്ചത്. തന്റെ മത്സരം പിണറായി വിജയനും കൂട്ടര്‍ക്കും എതിരെ ആയിരുന്നു. ഈ വിജയം പിണറായി വിജയന്റെ ദുര്‍ഭരണത്തിനുള്ള കനത്ത തിരിച്ചടിയാണെന്നും വികസനം ജനപക്ഷമാവണമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടുവെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

തൃക്കാക്കരയില്‍ ചരിത്ര ഭൂരിപക്ഷവുമായാണ്‌ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് വിജയിച്ചത്. 25,016 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമയിലൂടെ യുഡിഎഫ് തൃക്കാക്കര മണ്ഡലം നിലനിര്‍ത്തിയത്. 2011 ല്‍ ബെന്നി ബെഹനാന്‍ നേടിയ ഭൂരിപക്ഷത്തെ മറികടന്നാണ് ഉമ റെക്കോര്‍ഡ് ഭൂരിപക്ഷം തന്റെ പേരിലാക്കിയത്. 22,406 ആയിരുന്നു ബെന്നിയുടെ ഭൂരിപക്ഷം. എല്‍ഡിഎഫിന് വ്യക്തമായ മേല്‍ക്കൈയുള്ള ഇടങ്ങളില്‍ പോലും ഉമ ലീഡ് ഉയര്‍ത്തി.