മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി 2029 – 30 വരെയുള്ള കാലത്തേക്ക് നീട്ടിനല്‍കി യു ജി സി ഉത്തരവിറക്കിയതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമാനതകളില്ലാത്ത കലാലയമാണ് മഹാരാജാസ്. ഓട്ടോണമസ് പദവിയ്ക്കായി യുജിസി നിഷ്‌കര്‍ഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഓട്ടോണമസ് പദവി നീട്ടി നല്‍കിയത്.
2030 മാര്‍ച്ച് വരെയുള്ള ഓട്ടോണമസ് പദവി അംഗീകാരമാണ് ലഭിച്ചിട്ടുള്ളത്. യുജിസി ഓട്ടോണോമസ് പദവി നീട്ടി നല്‍കിയ സാഹചര്യത്തില്‍ മഹാരാജാസ് കലാലയത്തിനു എല്ലാവിധ ആശംസകളും നേരുന്നതായി മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ മഹാരാജാസ് കോളേജില്‍ നടപ്പിലാക്കിയിട്ടുണ്ട്. 10 കോടി ചെലവിട്ട് പുതിയ അക്കാദമിക്ക് ബ്ലോക്ക്, 9 കോടിയുടെ ലൈബ്രറി ബില്‍ഡിങ്, ഓഡിറ്റോറിയം, സെമിനാര്‍ ഹാള്‍, സ്റ്റാഫ് ഹോസ്റ്റല്‍ നവീകരണം എന്നിവ ഉള്‍പ്പെടുന്ന 15 കോടിയുടെ പാക്കേജ്, 10 കോടി രൂപയുടെ പുതിയ വനിതാ ഹോസ്റ്റല്‍, ബോയ്സ് ഹോസ്റ്റല്‍ മെസ്സ് ഹാള്‍ നവീകരണം എന്നിവയ്ക്ക് 1 കോടി 30 ലക്ഷം, 9 കോടി 53 ലക്ഷം ചെലവ് വരുന്ന സിന്തറ്റിക്ക് ഹോക്കി ടര്‍ഫ്, 7 കോടിയുടെ സിന്തറ്റിക്ക് ട്രാക്ക് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയതായി മന്ത്രി പറഞ്ഞു.
എന്‍ ഐ ആര്‍ എഫ് റാങ്കിങ്ങില്‍ രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ 53 ആം സ്ഥാനത്താണ് മഹാരാജാസ് കോളേജ്. കെ ഐ ആര്‍ എഫ് റാങ്കിങ്ങില്‍ നിലവില്‍ 10 -ാം സ്ഥാനവും മഹാരാജാസ് കോളേജിനുണ്ടെന്ന് മന്ത്രി പറഞ്ഞു.