മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണ വിലക്ക് തുടരും. ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തുള്ള അപ്പീല്‍ ഹൈക്കോടതി തള്ളി. മീഡിയ വണ്‍ ചാനല്‍ നേരത്തെ നല്‍കിയ ഹര്‍ജി സിംഗിള്‍ ബെഞ്ച് തളളിയിരുന്നു. ഇതിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ സിംഗിള്‍ ബെഞ്ച് നടപടിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ചീഫ് ജസ്റ്റീസ് അടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സുരക്ഷ കാരണങ്ങളാല്‍ വിലക്കെന്നായിരുന്നു സിംഗിള്‍ ബെഞ്ച് വിധി. രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടി എന്നാണ് കോടതി ഉത്തരവില്‍ പറഞ്ഞത്.
ജനുവരി 31നാണ് ചാനലിന്റെ പ്രവര്‍ത്തന അനുമതി കേന്ദ്രം വിലക്കിയത്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടാണ് വിലക്ക് ഏര്‍പ്പെടുത്തിയത് എന്നാണ് കേന്ദ്രം നല്‍കിയ വിശദീകരണം. അനുമതി നിഷേധിച്ചതിന്റെ കാരണങ്ങള്‍ പരസ്യപ്പെടുത്താന്‍ സാധിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
Read more
എന്നാല്‍ എന്തെല്ലാം കാരണങ്ങളാലാണ് വിലക്ക് ഏര്‍പ്പെടുത്തിയത് എന്ന് അറിയിച്ചിട്ടില്ലെന്നും, കേന്ദ്രത്തിന്റേത് ഏകപക്ഷീയമായ തീരുമാനം ആണെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്, മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ എന്നിവര്‍ കക്ഷികളായാണ് ഡിവിഷന്‍ ബെഞ്ചില്‍ റിട്ട് ഹര്‍ജി നല്‍കിയത്. അപ്പീല്‍ തള്ളിയതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം.