ആ പെട്ടി ഇപ്പോഴും കൈയിലുണ്ട്; പെട്ടിയില്‍ പണമായിരുന്നെന്ന് തെളിയിച്ചാല്‍ പ്രചരണം അവസാനിപ്പിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി പണമെത്തിച്ചു എന്ന് തെളിയിച്ചാല്‍ തിരഞ്ഞെടുപ്പ് പ്രചരണം ഇവിടെ നിര്‍ത്തുമെന്ന് അറിയിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. വിവാദമായ നീല ട്രോളി ബാഗുമായാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വാര്‍ത്ത സമ്മേളനത്തിനെത്തിയത്. പെട്ടിയിലുണ്ടായിരുന്നത് വസ്ത്രങ്ങളായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു.

താന്‍ എപ്പോഴാണ് ഹോട്ടലില്‍ വന്നതെന്നും പോയതെന്നും അതില്‍ നിന്നും മനസിലാകും. ട്രോളി ബാഗില്‍ കൊണ്ടുപോയത് തന്റെ വസ്ത്രങ്ങളായിരുന്നു. ആ ട്രോളി ബാഗ് ഇപ്പോളും തന്റെ കൈവശമുണ്ട്. ബാഗ് പൊലീസിന് കൈമാറാം. കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് പൊലീസ് തെളിയിക്കുന്നില്ലെന്നും രാഹുല്‍ ചോദിച്ചു.

കെപിഎം ഹോട്ടല്‍ അധികൃതരും പൊലീസും ഹോട്ടലിന്റെ മുന്നിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിടണം. മുന്‍ വാതിലിലൂടെ താന്‍ കയറി വരുന്നതും ഇറങ്ങി പോകുന്നതും ഇല്ലെങ്കില്‍ താന്‍ പ്രചാരണം അവസാനിപ്പിക്കും. ഈ പെട്ടിക്കകത്ത് ഒരു രൂപ ഉണ്ടായിരുന്നുവെന്ന് തെളിയിച്ചാല്‍ പ്രചരണം ഇവിടെ നിര്‍ത്തുമെന്നും രാഹുല്‍ വ്യക്തമാക്കി.

ഈ ട്രോളി ബോഡ് റൂമില്‍ വെച്ച് തുറന്നു നോക്കിയിട്ടുണ്ട്. ആ സിസിടിവി പരിശോധിക്കട്ടെയെന്നും രാഹുല്‍ പറഞ്ഞു. മറ്റ് മുറികളിലേക്ക് പെട്ടി കൊണ്ടുപോയതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഷാഫിയും താനും ഡ്രസ്സ് മാറി മാറി ഇടാറുണ്ടെന്നായിരുന്നു രാഹുലിന്റെ മറുപടി.