ചോരയില്‍ കുതിര്‍ന്ന് തലസ്ഥാനം; യുവാവ് മുത്തശ്ശിയെയും അനുജനെയും കാമുകിയെയും വെട്ടിക്കൊലപ്പെടുത്തി; ഇതുവരെ കണ്ടെത്തിയത് അഞ്ച് മൃതദേഹങ്ങള്‍

ചോരയില്‍ കുതിര്‍ന്ന് തലസ്ഥാനം. തിരുവനന്തപുരത്ത് സ്വന്തം കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അഞ്ച് പേരെ കൊലപ്പെടുത്തിയ പ്രതി അഫാന്‍ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. 23കാരനായ പ്രതി ആറ് പേരെ കൊലപ്പെടുത്തിയതായാണ് വെളിപ്പെടുത്തിയത്. ഇതില്‍ അഞ്ച് മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

മൂന്ന് വിടുകളിലായാണ് പ്രതി ആറ് പേരെ കൊലപ്പെടുത്തിയതെന്നാണ് മൊഴി. പേരുമലയില്‍ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തിയെന്ന് പ്രതി മൊഴി നല്‍കി. പാങ്ങോട്ടുള്ള വീട്ടില്‍ യുവാവിന്റെ മുത്തശ്ശി സല്‍മാബീവി(88) യുടെ മൃതദേഹം കണ്ടെത്തി.

ഇതുകൂടാതെ 13 വയസുള്ള സഹോദരന്‍ അഫ്സാനെയും പെണ്‍സുഹൃത്ത് ഫസാനയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. മാതാവ് ഷെമിയും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പ്രതിയുടെ പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

കൊല്ലപ്പെട്ടവരില്‍ ചിലരുടെ തലയ്ക്ക് മര്‍ദ്ദനമേറ്റതായാണ് വിവരം. നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രതി രണ്ട് ദിവസം മുന്‍പ് മുത്തശ്ശിയുടെ സ്വര്‍ണമാല വില്‍ക്കാനായി ചോദിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇത് ലഭിക്കാത്തതിന്റെ പ്രകോപനത്തിലാണ് കൂട്ടക്കൊലപാതകം നടത്തിയതെന്ന് സൂചനകളുണ്ട്.

പ്രതിയുടെ മാതാവ് കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. വെഞ്ഞാറമൂട് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട സഹോദരന്‍ അഹസാന്‍. കൊലപാതകത്തിന് ശേഷം പ്രതി ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട ശേഷമാണ് പൊലീസ് സ്റ്റേഷനിലേക്ക് പോയി കുറ്റം ഏറ്റുപറഞ്ഞത്.

Read more

പ്രതി ലഹരിക്ക് അടിമയാണെന്നാണ് ലഭിക്കുന്ന വിവരം. ഇയാള്‍ നേരത്തെ പിതാവിന്റെ കൂടെ വിദേശത്തായിരുന്നു. വിസിറ്റിംഗ് വിസയില്‍ പോയി തിരിച്ചു വന്നതാണെന്ന് നാട്ടുകാര്‍ പറയുന്നു.