എം.എസ്.എഫ് നേതാക്കള്‍ക്കെതിരായി നല്‍കിയ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് മുന്‍ ഹരിത നേതാക്കളായ ഫാത്തിമ തെഹലിയും മുഫീദ തെസ്‌നിയും. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസുമായി മുന്നോട്ട് പോകും. അതേസമയം മുസ്ലിം ലീഗ് നേതൃത്വത്തിന് മുന്നില്‍ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ തയ്യാറായാല്‍ പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു. സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായ പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
എല്ലാവരേയും ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുമെന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റിന്റെ വാക്കുകള്‍ ശുഭാപ്തി വിശ്വാസം നല്‍കുന്നതാണെന്ന് അവര്‍ വ്യക്തമാക്കി. പ്രശ്‌നപരിഹാരത്തിനായി ഇതുവരെ ആശയവിനിമയം ഒന്നു നടന്നിട്ടില്ല. അത്തരത്തില്‍ ഒരു ചര്‍ച്ച നടന്നാല്‍ നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാതെ തങ്ങളും ചര്‍ച്ചയ്ക്ക് തയ്യാറാകുമെന്ന് മുഫീദ തെസ്നി അറിയിച്ചു.
തങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിക്കൊണ്ടുള്ള ഒരു പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാര്‍ട്ടിയിലേക്ക് തിരികെ ചെല്ലാനാണ് ആഗ്രഹമെന്നും നേതാക്കള്‍ വ്യക്തമാക്കി. ലീഗുമായുള്ള പ്രശ്‌നങ്ങളുടെ പേരില്‍ മറ്റ് പാര്‍ട്ടിയിലേക്ക് പോകില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
എം.എസ്.എഫ് നേതാക്കള്‍ ലൈംഗികാധിക്ഷേപം നടത്തിയെന്ന് ഹരിത നേതാക്കളുടെ പരാതിയോടെ മുസ്ലിം ലീഗില്‍ ഏറെ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി. അബ്ദുള്‍ വഹാബ് എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. പാര്‍ട്ടി നടപടി എടുക്കാതിരുന്നതോടെ ഹരിത നേതാക്കള്‍ വനിത കമ്മീഷനെ സമീപിച്ചിരുന്നു. ഇതോടെ എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ പൊലീസ് കേസെടത്തു.