കോഴിക്കോട് കൂരാച്ചുണ്ട് ഇലിപ്പിലായിയില്‍ ജനങ്ങളെ ഭീതിയിലാക്കിയ ഉഗ്ര ശബ്ദത്തിന്റെ കാരണം കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി 10.30ഓടെയാണ് പ്രദേശത്ത് ഉഗ്ര ശബ്ദം കേട്ടത്. പ്രദേശത്തെ ഒരു വലിയ പാറ അടര്‍ന്നുവീണതായിരുന്നു ശബ്ദത്തിന്റെ കാരണം. മുന്‍പ് മലയിടിച്ചിലില്‍ ഭൂമിക്കു വിള്ളല്‍ സംഭവിച്ച സ്ഥലത്തിന് സമീപമായിരുന്നു ശബ്ദം കേട്ടത്.
ശബ്ദം കേട്ടതോടെ പരിസര പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലായിരുന്നു. കല്ലാനോട് പൂവത്തും ചോല മേഖലയിലും ശബ്ദം കേട്ടതായി ജനങ്ങള്‍ അറിയിച്ചിരുന്നു. ശബ്ദത്തിന്റെ കാരണം കണ്ടെത്താന്‍ സാധിക്കാതിരുന്നതിനാല്‍ രാത്രി മുഴുവന്‍ ജനങ്ങള്‍ ഭീതിയിലായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് അടര്‍ന്നുവീണ പാറ കണ്ടെത്തിയത്.
മണിച്ചേരി പൂത്തോട്ട് താഴെ തോടിന്റെ ഭാഗത്തായി കൂറ്റന്‍ പാറ താഴേക്ക് വീണതായി കണ്ടെത്തുകയായിരുന്നു. പാറ അടര്‍ന്നുപോയ ഭാഗത്തെ മണ്ണും ചെളിയും 50 മീറ്ററോളം ദൂരത്തില്‍ ഒലിച്ചുപോയതായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഉരുള്‍പൊട്ടല്‍ സംഭവിച്ചതിനെ തുടര്‍ന്നാണോ പാറ അടര്‍ന്നുമാറിയതെന്നും പരിശോധിക്കുന്നുണ്ട്.