കേരളത്തിന്റെ കടമെടുപ്പ് പരിധി സംബന്ധിച്ച് കെവി തോമസിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ച ഫലം കണ്ടു. കടമെടുപ്പ് പരിധി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് കെവി തോമസ് വ്യക്തമാക്കി.
നരേന്ദ്ര മോദിയുടെ ഉപദേഷ്ടാവും കെവി തോമസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവന്നത്. സില്‍വര്‍ ലൈന്‍ സംബന്ധിച്ച കേന്ദ്രത്തിന്റെ നിലപാട് അറിയിക്കാമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയതായി കെവി തോമസ് അറിയിച്ചു. കടമെടുപ്പ് പരിധി സംബന്ധിച്ച് മുന്‍പ് കേരളം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ അന്ന് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചില്ല. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തതില്‍ കേന്ദ്രം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കെഎന്‍ ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുള്‍പ്പെട്ട സംഘമാണ് കേന്ദ്ര ധനമന്ത്രാലയവുമായി ചര്‍ച്ച നടത്തിയത്.