സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് മറികടക്കുന്ന പുതിയ ബില്ലിലൂടെ കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അട്ടിമറിക്കുകയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. ചീഫ് ജസ്റ്റിസിനെ സമിതിയില്‍ നിന്ന് മാറ്റുന്നത് ഈ ലക്ഷ്യത്തോടെയാണെന്നും ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്നും സിപിഎം അറിയിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളുടെ നിയമനം പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്ന ബില്ലാണ് കേന്ദ്രം വ്യാഴാഴ്ച രാജ്യസഭയില്‍ അവതരിപ്പിച്ചത്. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവും ഉള്‍പ്പെട്ട സമിതിയാകും ഇനി മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണറെയും അം?ഗങ്ങളെയും തീരുമാനിക്കുന്നത്. സമിതിയില്‍നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി.
തെരഞ്ഞെടുപ്പു കമീഷന്‍ അംഗങ്ങളെ സര്‍ക്കാര്‍ തീരുമാനിച്ച് രാഷ്ട്രപതി നിയമിക്കുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്. എന്നാല്‍, സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് മാര്‍ച്ചില്‍ ഈ രീതി അസാധുവാക്കി. പകരം പ്രധാനമന്ത്രിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ്ജസ്റ്റിസും ഉള്‍പ്പെട്ട സമിതിയാകണം കമീഷന്‍ അംഗങ്ങളെ നിയമിക്കേണ്ടതെന്ന് ഉത്തരവിട്ടു. പാര്‍ലമെന്റ് നിയമനിര്‍മാണത്തിലൂടെ തെരഞ്ഞെടുപ്പ് സംവിധാനം രൂപീകരിക്കുന്നതുവരെ ഈ സമിതിക്കാകും നിയമനാധികാരമെന്നും കോടതി വ്യക്തമാക്കി.
ഭരണഘടനാ ബെഞ്ചിന്റെ ഈ ഉത്തരവ് നിലനില്‍ക്കെയാണ് നിയമനാധികാരം പൂര്‍ണമായും നിയന്ത്രണത്തിലാക്കിയുള്ള ബില്‍ നിയമ മന്ത്രി അര്‍ജുന്‍ റാം മെഘ്വാള്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. 2024 പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുമുമ്പ് തെരഞ്ഞെടുപ്പ് കമീഷണര്‍മാരില്‍ ഒരാളുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ തിടുക്കത്തിലുള്ള നീക്കമെന്നും സിപിഎം കുറ്റപ്പെടുത്തി.