വീണ്ടും കേരളത്തെ സമ്മര്‍ദ്ദത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍; എയര്‍ ലിഫ്റ്റ് സേവനത്തിന് ഉടനടി തിരിച്ചടയ്‌ക്കേണ്ടത് 132 കോടി

വീണ്ടും കേരളത്തെ സമ്മര്‍ദ്ദത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍. പ്രളയം മുതല്‍ വയനാട് ദുരന്തം വരെ സംസ്ഥാനത്ത് നടത്തിയ എയര്‍ലിഫ്റ്റ് സേവനത്തിന് ചെലവായ പണം തിരിച്ചടയ്ക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. 132 കോടി 62 ലക്ഷം രൂപയാണ് എയര്‍ലിഫ്റ്റ് സേവനത്തിന് കേരളം തിരിച്ചടയ്‌ക്കേണ്ടത്.

2019ലെ രണ്ടാം പ്രളയം മുതല്‍ വയനാട് ദുരന്ത സമയത്ത് വരെ ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിനാണ് കേന്ദ്രം തുക ആവശ്യപ്പെടുന്നത്. എത്രയും പെട്ടെന്ന് തുക അടക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എയര്‍ വൈസ് മാര്‍ഷല്‍ കത്ത് നല്‍കിയിട്ടുണ്ട്. വയനാട് ദുരന്തത്തില്‍ ആദ്യ ദിനം മാത്രം 8,91,23,500 രൂപ ചെലവായെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്നത്.

വിവിധ ദിവസങ്ങളിലായി വയനാട്ടില്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിന് ആകെ നല്‍കേണ്ടത് 69,65,46,417 രൂപയാണ്. വയനാട് പുനരധിവാസ പാക്കേജിനെ ചൊല്ലി തര്‍ക്കം രൂക്ഷമാകുന്നതിനിടയിലാണ് സംസ്ഥാന സര്‍ക്കാരിനെ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയിലാക്കുന്നത്. പുനരധിവാസത്തിന് ചില്ലിക്കാശ് കിട്ടിയില്ലെന്ന കേരളത്തിന്റെ വലിയ പരാതി നിലനില്‍ക്കെയാണ് എസ്ഡിആര്‍എഫിലെ നീക്കിയിരിപ്പില്‍ നിന്ന് വലിയൊരു തുക കേന്ദ്രം തിരിച്ച് ചോദിക്കുന്നതും.