'നമ്മൾ വിചാരിച്ചാൽ തെറ്റിദ്ധരിപ്പിക്കാവുന്ന ആളല്ല മുഖ്യമന്ത്രി'; തോമസ് കെ.തോമസിന്റെ വാദം അടിസ്ഥാനരഹിതമെന്ന് ആന്റണി രാജു

തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ കുട്ടനാട് എംഎൽഎയും എൻസിപി നേതാവുമായ തോമസ് കെ.തോമസിനെ തള്ളി ആന്റണി രാജു. വിലകുറഞ്ഞ ആരോപണങ്ങളാണ് തോമസ്.കെ.തോമസ് നടത്തുന്നതെന്നും നമ്മൾ വിചാരിച്ചാൽ തെറ്റിദ്ധരിപ്പിക്കാവുന്ന ആളല്ല മുഖ്യമന്ത്രിയെന്നും ആന്റണി രാജു പറഞ്ഞു. തോമസ് കെ.തോമസിന്റെ ബാലിശമായ വാദം അടിസ്ഥാനരഹിതമാണെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു.

നിയമസഭയിൽ താനും കോവൂർ കുഞ്ഞിമോനും തോമസ് കെ. തോമസും ഒരു ബ്ലോക്കിലാണ് ഇരിക്കുന്നതെന്ന് തോമസ് കെ തോമസ് പറഞ്ഞു. എന്നാൽ അങ്ങനെയൊരു ബ്ലോക്കില്ല. നിയമസഭയിൽ ഞങ്ങൾ ആറ് എംഎൽഎമാർ ഇരുന്ന് പ്രസംഗിക്കാൻ വേണ്ടി എഴുതിക്കൊടുക്കാറുണ്ട്. സംസാരിക്കുവാൻ സമയം കൊടുക്കാനാണ്. ഒരു ചോദ്യവും ഞങ്ങൾ മൂന്നു പേരും ക്ലബ് ചെയ്‌ത്‌ ചോദിച്ചിട്ടുമില്ലെന്നും ആന്റണി രാജു പറഞ്ഞു.

തോമസ് കെ തോമസ് പ്രധാനമായും പറഞ്ഞത് മുഖ്യമന്ത്രിയെ താൻ തെറ്റിദ്ധരിപ്പിച്ചുവെന്നാണ്. അങ്ങനെ നമ്മൾ വിചാരിച്ചാൽ തെറ്റിദ്ധരിക്കുന്ന ആളാണ് മുഖ്യമന്ത്രിയെന്ന തോമസ് കെ തോമസിന്റെ ബാലിശമായ വാദം അടിസ്ഥാനരഹിതമാണ്. പ്രലോഭനങ്ങളിൽ വീഴുന്ന രാഷ്ട്രീയ നിലപാട് എന്റെ 52 വർഷത്തെ രാഷ്ട്രീയചരിത്രത്തിൽ ഒരിക്കൽ പോലുമുണ്ടായിട്ടില്ല. ഇനിയുണ്ടാകുകയുമില്ലെന്നും ആന്റണി രാജു വ്യക്തമാക്കി.

Read more