മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ച് എഐവൈഎഫ്. ഇടുക്കി കുമിളിയില്‍ നടക്കുന്ന എഐവൈഎഫിന്റെ സംസ്ഥാന ശില്പ ശാലയിലാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം. സിപിഎം സംസ്ഥാന സമിതി യോഗത്തിലും പിണറായിക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് സിപിഎമ്മിന്റെ സഖ്യകക്ഷിയായ സിപിഐയുടെ യുവജന സംഘടന സംഘടിപ്പിച്ച ശില്പ ശാലയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലും മുഖ്യമന്ത്രിയ്‌ക്കെതിരെ വിമര്‍ശനം ഉയരുന്നത്. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനവും പെരുമാറ്റവും ജനങ്ങളില്‍ ഇടതുവിരുദ്ധ വികാരം വളര്‍ത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
പൗരാവകാശങ്ങള്‍ക്കുമേല്‍ സ്വേച്ഛാധിപത്യം സ്ഥാപിക്കാന്‍ പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തു. നവകേരള സദസ് പൂര്‍ണമായും ഇടതുപക്ഷ സ്വഭാവത്തിലൂന്നിയുള്ളതായിരുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. സിപിഎം പ്രവര്‍ത്തകരുടെ ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങളെയും എഐവൈഎഫ് വിമര്‍ശിച്ചു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ നിയമം കയ്യിലെടുത്തതും കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം മുടങ്ങിയതും ഉള്‍പ്പെടെ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയായെന്നും എഐവൈഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.