വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

മുഖ്യമന്ത്രി പിണറായി വിജയന് സഞ്ചരിക്കാനായി വാങ്ങിയ നവകേരള ബസിന്റെ പൊതുജനങ്ങള്‍ക്കായുള്ള ആദ്യ സര്‍വീസ് പൂര്‍ത്തിയാക്കി. ഉച്ചയ്ക്ക് 12 ഓടെയാണ് കോഴിക്കോട് നിന്നും ബസ് ബെംഗളൂരുവില്‍ എത്തിയത്.

കോഴിക്കോടുനിന്നു ബെംഗളൂരുവിലേക്കുള്ള ഗരുഡപ്രീമിയം സര്‍വീസ് ഇന്നു പുലര്‍ച്ചെ നാലരയോടെയാണ് ആരംഭിച്ചത്. യാത്ര തുടങ്ങി അഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചപ്പോള്‍ തന്നെ ബസിന്റെ ഹൈഡ്രോളിക് ഡോര്‍ കേടായി. ഇതിന്റെ ഭാഗമായി ബസിന്റെ ഡോര്‍ ഇടയ്ക്കിടെ തനിയെ തുറന്നു പോകുകയായിരുന്നു.

ബസിനുള്ളിലേക്ക് ശക്തമായി കാറ്റ് അടിക്കാന്‍ തുടങ്ങിയതോടെ കാരന്തൂര്‍ എത്തിയപ്പോള്‍ ബസ് നിര്‍ത്തി. തുടര്‍ന്ന് യാത്രക്കാര്‍ നല്‍കിയ ബാഗിന്റെ വള്ളി ഉപയോഗിച്ച് വാതില്‍ കെട്ടിവച്ചാണ് യാത്ര തുടര്‍ന്നത്. തുടര്‍ന്നു ബത്തേരി ഡിപ്പോയില്‍നിന്ന് വാതിലിന്റെ തകരാര്‍ പരിഹരിച്ചു. എന്നാല്‍, ഗുണ്ടല്‍പേട്ടില്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയപ്പോള്‍ യാത്രക്കാരെ പിന്‍വാതിലിലൂടെയാണു പുറത്തിറക്കിയത്.

കഴിഞ്ഞ ദിവസം കോഴിക്കോട് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ ബസിന്റെ വശങ്ങള്‍ ഉരഞ്ഞു പെയ്ന്റ് പോയിരുന്നു. തുടര്‍ന്ന് നടക്കാവ് വര്‍ക്ഷോപ്പില്‍ എത്തിച്ച് പെയ്ന്റടിച്ചാണ് ഇന്നു സര്‍വീസ് നടത്തിയത്.

നവകേരള ബസ് ടിക്കറ്റിന് വന്‍ ഡിമാന്‍ഡാണ് ഉള്ളത്. ബുധനാഴ്ച ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ആദ്യ സര്‍വീസിന്റെ ടിക്കറ്റ് മുഴുവന്‍ വിറ്റുതീര്‍ന്നിരുന്നു.

ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ് ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്നത്. ബുധനാഴ്ച ഈ ബസ് തിരുവനന്തപുരത്തുനിന്ന് കോഴിക്കോടേക്ക് ആദ്യ സര്‍വീസ് നടത്തിയിരുന്നു. ശുചിമുറി, ഹൈഡ്രോളിക് ലിഫ്റ്റ്, വാഷ്‌ബെയ്‌സിന്‍ എന്നിവയോടുകൂടിയ ബസിലെ യാത്രാനുഭവം മികച്ചതായിരുന്നെന്ന് യാത്രക്കാര്‍ പറഞ്ഞു.

എയര്‍കണ്ടീഷന്‍ ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റാണുള്ളത്. ഫുട് ബോര്‍ഡ് ഉപയോഗിക്കാന്‍ കഴിയാത്ത ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയവര്‍ക്ക് ബസിനുള്ളില്‍ കയറാനാണ് ഹൈഡ്രോളിക് ലിഫ്റ്റ്. ടെലിവിഷന്‍, മ്യൂസിക് സിസ്റ്റം, മൊബൈല്‍ ചാര്‍ജര്‍ എന്നീ സൗകര്യവുമുണ്ട്.

ബസിന്റെ നിറത്തിലോ ബോഡിയിലോ മാറ്റങ്ങളില്ല. മുഖ്യമന്ത്രിക്ക് ഇരിക്കാന്‍ ഒരുക്കിയ ചെയര്‍ മാറ്റി ഡബിള്‍ സീറ്റാക്കി. യാത്രക്കാര്‍ക്ക് ആവശ്യാനുസരണം അവരുടെ ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലവും സൗകര്യവും ബസില്‍ സജ്ജീകരിച്ചിട്ടുണ്ട്.

എല്ലാ ദിവസവും പുലര്‍ച്ചെ നാലിന് കോഴിക്കോടുനിന്നും യാത്രതിരിച്ച് 11.35 ന് ബംഗളൂരുവില്‍ എത്തും. പകല്‍ 2.30ന് ബംഗളൂരുവില്‍നിന്നും തിരിച്ച് രാത്രി 10.05 ന് കോഴിക്കോട്ട് എത്തിച്ചേരും. 1,171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകള്‍ക്കുള്ള അഞ്ച് ശതമാനം ആഡംബര നികുതിയും നല്‍കണം.

Latest Stories

മുഖ്യമന്ത്രിയാകാൻ ചെന്നിത്തലയ്ക്ക് എന്താണ് അയോ​ഗ്യത? അധികാര വടംവലിയുള്ള പാർട്ടിയല്ല കോൺഗ്രസ് എന്ന് കെ സുധാകരൻ

അത്ഭുതദ്വീപ് നടന്‍ ശിവന്‍ മൂന്നാര്‍ അന്തരിച്ചു

ബിസിസിഐ സെക്രട്ടറി തിരഞ്ഞെടുപ്പ് ജനുവരി 12 ന്, യോഗം മുംബൈയില്‍

പാലക്കാട് സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമം; വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിൽ

ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന അവനാണ്, എത്ര ബാം പുരട്ടിയാലും അത് മാറുന്നില്ല: രവി ശാസ്ത്രി

കെഎസ്ഇബി യുവജനങ്ങളെ വെല്ലുവിളിക്കുന്നു; അംഗീകൃത ഒഴിവുകള്‍ ഉടന്‍ നികത്തണം; അല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം; താക്കീതുമായി ഡിവൈഎഫ്‌ഐ

'ആര് മുഖ്യമന്ത്രിയാകണം എന്ന് പറയാനുള്ള സ്വാതന്ത്ര്യം വ്യക്തികൾക്കുണ്ട്'; ഇതുവരെ ഒരു സ്ഥാനവും ആഗ്രഹിച്ച് പ്രവർത്തിച്ചിട്ടില്ല: രമേശ് ചെന്നിത്തല

ഐപിഎല്‍ 2025: രാജസ്ഥാനില്‍ വമ്പന്‍ ട്വിസ്റ്റ്, വിക്കറ്റ് കാക്കാന്‍ പുതിയ താരം; വെളിപ്പെടുത്തി സഞ്ജു

അനുരാഗ് കശ്യപ് നിങ്ങള്‍ 'ശാലിനി ഉണ്ണികൃഷ്ണനേക്കാള്‍' നന്നായി മലയാളം സംസാരിച്ചു..; സംവിധായകന് പ്രശംസകള്‍

ആ താരം എന്നോട് യഥാർത്ഥ ചിത്രം പറഞ്ഞു തന്നു, ചിലർ ചേർന്നിട്ട് എനിക്ക് പണിതു: യുവരാജ് സിങ്