വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി പൂർത്തീകരിക്കാൻ സഹകരിച്ച കരൺ അദാനിക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു. ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിഴിഞ്ഞം മദർ പോർട്ടാക്കി മറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വഴിഞ്ഞം തുറമുഖത്തെത്തിയ സാൻ ഫെർണാൻഡോയ്ക്ക് ഔദ്യോഗിക സ്വീകരണമാണ് നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര തുറമുഖമന്ത്രി സർവാനന്ത സോനോവാളും ചേർന്ന് മദർ ഷിപ്പിനെ ഔദ്യോഗികമായി സ്വീകരിച്ചു. ആദ്യ മദർഷിപ്പ് എത്തിയതിന്റെ ശിലാഫലകം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു. കപ്പലിലെ ക്യാപ്റ്റനും ജീവനക്കാർക്കും മന്ത്രിമാർ ഉപഹാരം നൽകി. ചടങ്ങിൽ കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയായി. അദാനി പോർട്സ് സിഇഒ കരൺ അദാനിയും ചടങ്ങിനെത്തി. വിഴിഞ്ഞം ഇടവക വികാരി മോൻസിഞ്ഞോർ നിക്കോളാസ് ചടങ്ങിൽ പങ്കാളിയായി. അതേസമയം പരിപാടിയിലേക്കുള്ള ക്ഷണം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ നിരസിച്ചിരുന്നു.
അന്താരാഷ്ട്ര ലോബികൾക്കെതിരെ ഒന്നായി പോരാടിയതിൻ്റെ ഫലം കിട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും അർപ്പണ ബോധത്തോടെ പ്രവർത്തിച്ചു. ഇത് കൂട്ടായ പരിശ്രമത്തിന്റെ ഫലമെന്നും മുഖ്യമന്ത്രി പറഞ്ഞു. തുറമുഖ വകുപ്പ് മുൻ മന്ത്രി അഹമ്മദ് ദേവർകോവിലിനെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. ലോകത്തിലെ വൻകിട തുറമുഖങ്ങളിൽ ഒന്നാണ് വിഴിഞ്ഞം. മദർഷിപ്പുകൾ ധാരാളമായി വിഴിഞ്ഞത്തേക്ക് എത്തും. ലോകത്തെ തന്നെ ഏറ്റവും വലിയ കപ്പലുകൾക്ക് വിഴിഞ്ഞത് ബർത്ത് ചെയ്യാം. ഇന്ന് ട്രയൽ റൺ ആണെങ്കിലും വിഴിഞ്ഞം തുറമുഖത്തിന്റെ ഓപ്പറേഷൻ ഇന്ന് മുതല്‍ തുടങ്ങുകയാണ്. ഉടൻ പൂർണ പ്രവർത്തന രീതിയിലേക്ക് മാറുമെന്നും മുഖ്യമന്ത്രി വിശദമാക്കി.
ഇത് ഒന്നാം ഘട്ടം മാത്രമാണെന്നും മുഖ്യമന്ത്രി വിശദമാക്കി. നാലാം ഘട്ടം പൂർത്തിയാകുമ്പോൾ വിശാല തുറമുഖമായി വിഴിഞ്ഞം മാറും. 2028ഓടെ വിഴിഞ്ഞം സമ്പൂർണ തുറമുഖമായി മാറും. 10000 കോടി രൂപയുടെ നിക്ഷേപത്തിന് വഴിയൊരുക്കും. അതിന് വേണ്ടുന്ന കരാർ ഒപ്പിടാൻ പോവുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അദാനി ഗ്രൂപ്പ് പൂർണ സഹകരണത്തിന് തയാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇന്നലെ എത്തിയ സാൻ ഫെർണാണ്ടോ കപ്പലിന് ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. കപ്പലിന് വാട്ടർ സല്യൂട്ട് നൽകി. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷിപ്പിംഗ് കമ്പനിയായ മെസ്കിന്റെ കപ്പലാണ് സാൻ ഫെർണാണ്ടോ. നൂറ്റിപ്പത്തിലധികം രാജ്യങ്ങളിൽ കാർഗോ സേവനങ്ങൾ നൽകുന്ന ഡാനിഷ് കമ്പനിയാണ് മെർസ്ക്. ഡേവൂ ഷിപ്പ് ബിൽഡിംഗ് കമ്പനി 2014 ൽ നിർമ്മാണം പൂർത്തിയാക്കിയ സാൻ ഫെർണാണ്ടോയ്ക്ക് 300 മീറ്റർ നീളവും 48 മീറ്റർ വീതിയുമുണ്ട്. 9000 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുണ്ട് സാൻ ഫെർണാണ്ടോക്ക്. ഇക്കഴിഞ്ഞ മാസം 22 നാണ് സാൻ ഫെർണാണ്ടോ ഹോങ്കോങ്ങ് വിട്ടത്.
ട്രാൻസ്ഷിപ്പ്മെൻ്റ് എന്ന നിലയിലാണ് തുറമുഖം വിഭാവനം ചെയ്‌തിരിക്കുന്നത്. മദർഷിപ്പിലെത്തുന്ന കാർഗോ പോർട്ടിലിറക്കുകയും അത് മറ്റ് രാജ്യങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും പോകുന്നതുമാണ് ഒന്നാം ഘട്ടം. മൂന്ന് ഘട്ടങ്ങൾ പൂർത്തിയാകുന്നതോടെ രാജ്യത്തിന്റെ ഇറക്കുമതി, കയറ്റുമതിയുടെ നല്ലൊരു ഭാഗവും വിഴിഞ്ഞം വഴിയാവുകയും. ഇതോടെ തുറമുഖത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ വികസിക്കുകയും ആവശ്യമുള്ള കാർഗോ, റെയിൽ -റോഡ് അടക്കമുള്ള സൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്യും.