സര്‍ക്കാര്‍ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനപട്ടിക അട്ടിമറിക്കാന്‍ ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു ഇടപെട്ടെന്ന ആരോപണത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഇടപെടല്‍ കാരണം അര്‍ഹതപ്പെട്ടവര്‍ക്ക് പ്രിന്‍സിപ്പല്‍ ആകാനുള്ള അവകാശം നഷ്ടപ്പെട്ടെന്നും ആര്‍ ബിന്ദുവിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്നും സതീശന്‍ പറഞ്ഞു.
പിഎസ്സി അംഗീകരിച്ച ഒരു പട്ടിക കരട് പട്ടികയാക്കി മാറ്റാന്‍ മന്ത്രിക്ക് എന്ത് അധികാരമാണ് ഉള്ളത്. ഇഷ്ടക്കാരെ തിരുകികയറ്റാന്‍ മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തി. സിപിഎം അനുകൂല സംഘടനകള്‍ ഭരണത്തില്‍ നടത്തുന്ന കൈകടത്തലുകളുടെ ഏറ്റവും അവസാനത്തെ ഉദാഹരണമാണിത്. ആര്‍.ബിന്ദു സ്ഥാനം ഒഴിഞ്ഞില്ലെങ്കില്‍ അവരെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണം.
ഉന്നതവിദ്യാഭ്യാസ മേഖല തകര്‍ന്ന അവസ്ഥയിലാണ്. ഒന്‍പത് സര്‍വകലാശാലകളില്‍ വിസിമാരില്ല, അവിടെയെല്ലാം ഇന്‍ ചാര്‍ജ് ഭരണമാണ് നടക്കുന്നത്. 66 സര്‍ക്കാര്‍ കോളജുകളിലും ഇന്‍ ചാര്‍ജ് ഭരണമാണ് നടക്കുന്നതെന്നും സതീശന്‍ പറഞ്ഞു.
അതിനിടെ, സംസ്ഥാനത്തെ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ പ്രിന്‍സിപ്പല്‍ നിയമനം സംബന്ധിച്ച് ഭരണാനുകൂല സംഘടന നല്‍കിയ കത്ത് പുറത്തുവന്നു. 2022 ജൂണ്‍ 27നാണ് 43 പേരുടെ പട്ടികയ്‌ക്കെതിരെ എ.കെ.ജി.സി.ടി കത്ത് നല്‍കിയത്. ഈ കത്തിലെ ആവശ്യമനുസരിച്ചാണ് മന്ത്രി ആര്‍. ബിന്ദു ഇടപെട്ടതും ഫയലില്‍ എഴുതിയതും.
ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ ഇടപെടല്‍ കാരണം പ്രിന്‍സിപ്പല്‍ നിയമനം അനന്തമായി വൈകുന്നതിന്റെ വിവരാവകാശ രേഖ പുറത്തു വന്നിരുന്നു. വകുപ്പുതല സെലക്ഷന്‍ കമ്മിറ്റി തയാറാക്കിയ പ്രിന്‍സിപ്പല്‍ നിയമന പട്ടിക, കരട് പട്ടികയാക്കി മാറ്റണമെന്നായിരുന്നു മന്ത്രിയുടെ നിര്‍ദേശം. ഇതോടെയാണ് സെലക്ഷന്‍ കമ്മിറ്റി തയ്യാറാക്കിയതും പി.എസ്.സി അംഗീകരിച്ചതുമായ പട്ടിക അനിശ്ചിതത്വത്തിലായത്.