മോഫിയയുടെ മരണത്തില്‍ ആരോപണവിധേയനായ സി.ഐ സുധീറിനെ സ്റ്റേഷന്‍ ചുമതലയില്‍ നിന്ന് മാറ്റിയട്ടില്ലെന്ന് എറണാകുളം റൂറല്‍ എസ്പി കെ. കാര്‍ത്തിക്ക്. സി.ഐക്കെതിരായ പരാതിയില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് എസ്പി പറഞ്ഞു. സി.ഐ സുധീര്‍ ഇന്നും ഡ്യൂട്ടിക്ക് വന്നിരുന്നു.
കേസ് അന്വേഷണവുമായി സി.ഐക്ക് യാതൊരു ബന്ധവുമില്ല. മോഫിയയുടെ കേസ് അന്വേഷിക്കുന്നത് ഡി.വൈ.എസ്.പിയാണ്. സിഐക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളില്‍ കൃത്യമായ അന്വേഷണം നടക്കുന്നുണ്ട്. സുധീറിനെ മാറ്റുന്നത് സംബന്ധിച്ച് മേലുദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി തീരുമാനിക്കുമെന്നും എസ്പി പറഞ്ഞു. സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.
സിഐക്കെതിരെ ആരോപണവുമായി മറ്റൊരു യുവതി കൂടി രംഗത്ത് വന്നിരുന്നു. ഗാര്‍ഹിക പീഡന പരാതി നല്‍കാന്‍ വന്ന യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഒരു രാത്രി മുഴുവന്‍ സ്റ്റേഷനില്‍ ഇരുത്തിയെന്നും ഭീഷണിപ്പെടുത്തി ഇറക്കി വിട്ടുവെന്നും യുവതി ആരോപിച്ചു. ഈ കേസും അന്വേഷിക്കുമെന്ന് എസ്പി വ്യക്തമാക്കി.
മോഫിയയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സുഹൈലിനെയും മാതാപിതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ മൂന്നുപേരെയും ഇന്ന് പുലര്‍ച്ചെയാണ് അന്വേഷണസംഘം പിടികൂടിയത്. റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ ഇന്ന് ചോദ്യം ചെയ്യും.
അതിനിടെ സിഐയെ ചുമതലകളില്‍ നിന്ന് നീക്കാത്തതില്‍ പ്രതിഷേധവുമായി സ്ഥലം എംഎല്‍എ അന്‍വര്‍ സാദത്ത് രംഗത്ത് വന്നു. സുധീറിനെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും, ഉത്ര വധക്കേസില്‍ അടക്കം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന്‍ പദവിയില്‍ തുടരുന്നത് രാഷ്ട്രീയ ബന്ധങ്ങളുടെ ബലത്തിലാണെന്നും അദ്ദേഹം ആരോപിച്ചു.