മുല്ലപ്പെരിയാർ ഡാമിനെ സംബന്ധിച്ച് ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തിലുള്ള സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങൾക്കെതിരെ ഇടുക്കി ജില്ലാ കളക്ടർ രംഗത്ത്. മുല്ലപെരിയാര്‍ ഡാമിലെ ജലനിരപ്പ് ഓഗസ്റ്റ് മൂന്ന് വൈകിട്ട് നാലുമണിവരെ 131.75 അടിയാണെന്ന് കളക്ടർ വി വിഘ്‌നേശ്വരി അറിയിച്ചു. ഡാമിന്റെ ഇപ്പോഴത്തെ റൂള്‍ ലെവല്‍ പ്രകാരം ജലനിരപ്പ് 137 അടിയില്‍ എത്തിയാല്‍ മാത്രമേ ഡാം തുറക്കേണ്ട സാഹചര്യം ഉള്ളൂവെന്നും കളക്ടർ വ്യക്തമാക്കി.
നിലവില്‍ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴയും ഡാമിലേക്കുള്ള നിരൊഴുക്കും കുറഞ്ഞിട്ടുണ്ട്. ഷട്ടര്‍ തുറക്കേണ്ട സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ അതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ഡാമിനെ കുറിച്ചുള്ള വ്യാജ പ്രചരണം നടക്കുന്ന സാഹചര്യത്തിലാണ് കളക്ടർ വസ്തുതകൾ വ്യക്തമാക്കിയത്. സോഷ്യൽ മീഡിയ ശരിയായ രീതിയിൽ ഉപയോഗിക്കാൻ ശ്രമിക്കണമെന്നും കളക്ടർ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയിലാണ് മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പില്‍ നേരിയ വര്‍ദ്ധന ഉണ്ടായത്. റൂള്‍കര്‍വ് അനുസരിച്ച് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഇപ്പോള്‍ സംഭരിക്കാന്‍ കഴിയുന്ന പരമാവധി വെള്ളത്തിന്റെ അളവ് 137 അടിയാണ്. 5.25 അടി ജലനിരപ്പ് കൂടി ഉയര്‍ന്നാല്‍ മാത്രമേ ഈ അളവിലേക്ക് എത്തു. നിലവില്‍ മഴ മാറി നില്‍ക്കുന്നതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു.
ഇടുക്കി അണക്കെട്ടില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ ജലനിരപ്പ് 34 അടിയോളം ഉയര്‍ന്നിട്ടുണ്ട്. ഇടുക്കിയില്‍ റൂള്‍ കര്‍വ് പരിധി നിലവില്‍ 2382 അടിയാണ്. ഈ അളവിലേക്ക് ജലനിരപ്പ് ഉയര്‍ന്നാല്‍ മാത്രമേ ഷട്ടറുകള്‍ ഉയര്‍ത്താനുള്ള നടപടി സ്വീകരിക്കൂ. കൂടാതെ മൂലമറ്റം പവര്‍ഹൗസില്‍ പന്ത്രണ്ടര ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദനവും നടക്കുന്നുണ്ട്. ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തില്‍ ഡാമുകളുമായി ബന്ധപ്പെട്ട അനാവശ്യ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥന.