'പണം നൽകിയതിന് തെളിവില്ല, പരാതി എഴുതി അയച്ചത് എകെജി സെന്റർ ഓഫീസ് സെക്രട്ടറിക്ക്'; നവീൻ ബാബു വേട്ടയാടപ്പെട്ടത് ഇല്ലാത്ത പരാതിയുടെ പേരിൽ

എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നാരോപിച്ച് പെട്രോൾ പമ്പ് ഉടമ ടിവി പ്രശാന്ത് പരാതി നൽകിയത് എകെജി സെൻറർ ഓഫീസ് സെക്രട്ടറിയും ബന്ധുവുമായ ബിജു കണ്ടക്കൈക്ക് ആണെന്ന് മൊഴി. വിജിലൻസിനോ മുഖ്യമന്ത്രിയുടെ ഓഫീസിലോ ഒരു പരാതിയും പ്രശാന്ത് നൽകിയിട്ടില്ല. ഇല്ലാത്ത പരാതിയുടെ പേരിലായിരുന്നു നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണങ്ങൾ.

നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം നടത്തിയ ലാൻഡ് റവന്യു ജോയിൻറ് കമ്മീഷണർക്ക് പ്രശാന്ത് തന്നെ നൽകിയ മൊഴിയാണിത്. പെട്രോൾ പമ്പിന്റെ അനുമതിക്കായി നവീൻ ബാബുവിന് 98500 രൂപ നൽകിയെന്ന് ടിവി പ്രശാന്ത് ലാൻഡ് റവന്യൂ ജോയിൻറ് കമ്മീഷണർക്ക് നൽകിയ മൊഴിയിൽ ആരോപിക്കുന്നുണ്ട്. പക്ഷേ, പണം നൽകിയതിന് തെളിവില്ലെന്നാണ് മൊഴി. അനുമതി കിട്ടാൻ പണം നൽകിയെന്ന് പിപി ദിവ്യയോടും ബന്ധുവായ ബിജു കണ്ടക്കൈയോടും പറഞ്ഞു. ദിവ്യ പരാതി നൽകാൻ ആവശ്യപ്പെട്ടു.

2024 ഒക്ടോബർ പത്തിന് പരാതി എഴുതി, പക്ഷേ അയച്ചില്ല. അന്ന് തന്നെ ബിജുവിനെ വിളിച്ചപ്പോഴും പരാതി നൽകാനാവശ്യപ്പെട്ടു. പിറ്റേന്ന് പരാതി ബിജുവിന് വാട്സ് ആപ്പ് ചെയ്തു. പക്ഷേ ചില തിരുത്തലുകൾ ബിജു ആവശ്യപ്പെട്ടു. 12ന് തിരുത്തിയ പരാതിയും ബിജുവിന് വാട്സ്ആപ്പായി അയച്ചു. 14ന് വിജിലൻസിൽ നിന്ന് വിളിച്ചെന്നാണ് പ്രശാന്തിന്റെ മൊഴി. അപ്പോഴും പണം നൽകിയതിന് തെളിവില്ലെന്ന് പ്രശാന്ത് പറഞ്ഞത്.

അതായത് വാട്സ് ആപ്പിൽ നൽകിയ പരാതിയല്ലാതെ വിജിലൻസിനോ മുഖ്യമന്ത്രിക്കോ പ്രശാന്ത് പരാതി നൽകിയിട്ടില്ലെന്ന് മൊഴിയിൽ നിന്ന് വ്യക്തം. പത്തിന് തന്നെ പ്രശാന്ത് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നായിരുന്നു ഇടത് കേന്ദ്രങ്ങളുടെ പ്രചാരണം. പരാതി കിട്ടിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിരുന്നില്ല. പ്രചരിച്ച പരാതിയിലെ പ്രശാന്തിന്റെ പേരും ഒപ്പും വ്യാജമാണെന്നും തെളിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം വിജിലൻസും പരാതിയില്ലെന്ന് വ്യക്തമാക്കി.

വിവാദ യാത്രയയപ്പിന് ശേഷം പിപി ദിവ്യ കണ്ണൂർ കളക്ടറെ വിളിച്ച് നവീൻ ബാബുവിനെതിരെ സർക്കാരിന് പരാതി കിട്ടിയെന്ന് പറഞ്ഞിരുന്നു. ഇതോടെ ആർക്കും കിട്ടാത്ത ഒരു പരാതിയാണ് പിപി ദിവ്യ അടക്കം നവീൻ ബാബുവിനെതിരെ ആയുധമാക്കിയതെന്നാണ് തെളിയുന്നത്. പരാതി തയ്യാറാക്കിയതും പ്രചരിപ്പിച്ചതുമെല്ലാം ആസൂത്രിതം. അതേസമയം മരിച്ചിട്ടും പരാതി ഉയർത്തിയായിരുന്നു എഡിഎമ്മിനെ വേട്ടയാടിയിരുന്നത്.

Read more