നിയമസഭാ തിരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന ജെആർപി സംസ്ഥാന അദ്ധ്യക്ഷ സി.കെ ജാനുവിനെതിരെ കോഴ ആരോപണം പ്രസീത അഴിക്കോട് പുറത്തു വിടുന്നതിന് മുമ്പേ സുൽത്താൻ ബത്തേരിയിലെ ബി.ജെ.പി ഘടകത്തിൽ തർക്കങ്ങൾ ഉടലെടുത്തിരുന്നു. കഴിഞ്ഞ മാർച്ച് അവസാന വാരമാണ് എൻ.ഡി.എ ഓഫിസിന് മുന്നിൽവെച്ച് പ്രവർത്തകർ ഏറ്റുമുട്ടിയത്. ജില്ല ജനറൽ സെക്രട്ടറിയുടെ നടപടികളെ ഏതാനും പ്രവർത്തകർ ചോദ്യം ചെയ്തതാണ് ബഹളത്തിനും സംഘർഷത്തിനുമിടയാക്കിയത്.
ജാനുവിൻെറ തിരഞ്ഞെടുപ്പ് പ്രചാരണ ചെലവുകളുടെ ചുക്കാൻ പിടിച്ചത് ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലാണ്. മീനങ്ങാടിയിൽ അമിത് ഷാ എത്തിയപ്പോൾ സുൽത്താൻ ബത്തേരി മണ്ഡലത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് പ്രവർത്തകർ മീനങ്ങാടിയിൽ എത്തി. ഇവരെ കൊണ്ടുപോയ വാഹന വാടക പോലും കൃത്യമായി ലഭിക്കാതെ വന്നതോടെയാണ് ഏതാനും പ്രവർത്തകർ ജനറൽ സെക്രട്ടറിക്കെതിരെ തിരിഞ്ഞത്. ഉന്തുംതള്ളും ചെറിയ അടിയുമുണ്ടായി. ഇങ്ങനെ പ്രശ്നം പുകയുന്നതിനിടയിലാണ് പ്രസീത അഴിക്കോട് കോഴ ആരോപണങ്ങളുമായി രംഗത്തു വന്നത്.
അതേസമയം കോഴ കേസിൽ പ്രശാന്ത് മലവയലിനെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. സി.കെ. ജാനുവിന് 25 ലക്ഷം രൂപ കൈമാറിയത് പ്രശാന്ത് മലവയലാണെന്ന് പ്രസീത അഴീക്കോട് മൊഴി നൽകിയിരുന്നു. പൂജാസാധങ്ങളടങ്ങിയ തുണി സഞ്ചിയിലാണ് പണം നൽകിയതെന്നായിരുന്നു പ്രസീതയുടെ മൊഴി.
കാസർഗോഡു നിന്ന് ബത്തേരിയിലേക്ക് ഇന്നോവ കാറിൽ പണമെത്തിച്ചതും പ്രശാന്താണെന്നു പ്രസീത ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം പ്രശാന്തിനെ ചോദ്യം ചെയ്തത്. എന്നാൽ ആരോപണങ്ങളെല്ലാം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും അന്വേഷണ സംഘത്തെ കാര്യങ്ങൾ ബോധിപ്പിച്ചതായും അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും പ്രശാന്ത് മലവയൽ പറഞ്ഞു.